നിർമിത ബുദ്ധി: 5 മിനിറ്റിൽ കോവിഡ് പരിശോധനാ ഫലം

അബുദാബി: നിർമിത ബുദ്ധി ഉപയോഗിച്ച് അഞ്ചുമിനിറ്റുകൊണ്ട് കോവിഡ് പരിശോധനാ ഫലം അറിയുന്ന സംവിധാനവുമായി കനേഡിയൻ കമ്പനി. അബുദാബിയിൽ നടക്കുന്ന അന്താരാഷ്ട്ര പ്രതിരോധ പ്രദർശനത്തിലാണ് പുതിയ സംവിധാനം പരിചയപ്പെടുത്തിയത്. രണ്ടു യുഎഇ കമ്പനികളുടെ സഹകരണത്തോടെയാണ് കനേഡിയൻ കമ്പനി ഈ വിദ്യ കണ്ടുപിടിച്ചത്.

സ്രവം പ്രത്യേക കിറ്റിൽ പരിശോധിക്കാനായി വച്ചാൽ അഞ്ച് മിനിറ്റിനുള്ളിൽ ഫലം ലഭിക്കുമെന്നതാണ് പ്രത്യേകത. വളരെ എളുപ്പത്തിൽ പരിശോധന സാധ്യമാകുമെന്നത് സംവിധാനത്തെ കൂടുതൽ ആകർഷകമാക്കുന്നു. പ്രതിദിന കോവിഡ് പരിശോധനയുടെ എണ്ണം വലിയ തോതിൽ വർധിപ്പിക്കാൻ ഇതുകൊണ്ടാകും.

ഉപകരണത്തിലെ കാസറ്റിൽ സ്രവ തുള്ളികൾ നിക്ഷേപിച്ചാൽ ഉടൻ ഇത് റീഡ് ചെയ്ത് ബാർകോഡിൽ ഫലം രേഖപ്പെടുത്തും. റീഡറിൽ രണ്ടു വര പ്രത്യക്ഷപ്പെട്ടാൽ പോസിറ്റിവ് ആയി കണക്കാകും. മനുഷ്യസ്പർശം ഇല്ലാത്തതിനാൽ തെറ്റാനുള്ള സാധ്യത കുറവാണെന്ന് കമ്പനി അധികൃതർ‌. ഇതിനെ അൽ ഹൊസൻ ആപ്പുമായി ബന്ധപ്പെടുത്താനും നീക്കമുണ്ട്. സ്രവം ശേഖരിക്കൽ വേദനാരഹതിമാണ്.

അടിയന്തര ഘട്ടങ്ങളിൽ ഈ പരിശോധനയ്ക്ക് യുഎഇ അനുമതി നൽകി. പരീക്ഷണാടിസ്ഥാനത്തിൽ പരിശോധന നടത്തി പൂർണവിജയം കൈവരിച്ചാൽ വ്യാപകമാക്കും.