വയനാട് ഉരുള്‍പൊട്ടി; 95 മരണം

വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വൻ ദുരന്തം. മുണ്ടക്കൈയിൽ രണ്ടു തവണയായുണ്ടായ ഉരുള്‍പൊട്ടലിൽ മരിച്ചവരുടെ എണ്ണം 95 ആയി. 37 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. ചൂരല്‍ മലയില്‍ നിന്നെത്തുന്ന ചാലിയാറിന്റെ മലപ്പുറം ജില്ലയിലെ പോത്തുകല്‍ ഭാഗത്താണ് ഏറ്റവും അധികം മൃതദേഹം ലഭിച്ചത്. ഇതില്‍ അധികവും ശരീരഭാഗങ്ങള്‍ വേര്‍പെട്ട നിലയിലാണ്.. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ചൂരല്‍മല ടൗണിന്‍റെ ഒരു ഭാഗം ഒലിച്ചുപോയി. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകള്‍ തകര്‍ന്നു. വെള്ളാര്‍മല സ്കൂള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ഉരുള്‍പൊട്ടലില്‍ കനത്ത നാശമാണ് ഉണ്ടായത്. വയനാട് ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്.
മുണ്ടക്കൈയിൽ പുലര്‍ച്ചെ ഒരു മണിക്കും പിന്നീട് നാലു മണിക്കുമായി രണ്ടു തവണയാണ് ഉരുള്‍പൊട്ടിയത്. അര്‍ധരാത്രിയിലെ ഉരുള്‍പൊട്ടലിനുശേഷം രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്.400ലധികം കുടുംബങ്ങളെയൊണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്.

നിരവധി പേര്‍ അപകടത്തില്‍പെട്ടിട്ടുണ്ടാകാമെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നിരവധി പേരെ കാണാനില്ലെന്ന വീട്ടുകാരുടെ സഹായഅഭ്യര്‍ഥനകളും പുറത്തുവരുന്നുണ്ട്. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.റവന്യു മന്ത്രി കെ രാജൻ, മന്ത്രി ഒആര്‍ കേളു ഉള്‍പ്പെടെയുള്ളവര്‍ വയനാട്ടിലേക്ക് തിരിച്ചു.

എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തി. അതേസമയം, ദുരന്തത്തിന്‍റെ കൃത്യമായ ചിത്രം ഇതുവരെ ലഭിച്ചിട്ടില്ലെന്നും രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്ടര്‍ സഹായം തേടുന്നുണ്ട്. അപകടത്തില്‍ പെട്ട 16 പേര്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പാലം തകര്‍ന്നതോടെ അട്ടമലയിലേക്കും ചൂരല്‍മലയിലേക്കും ആളുകള്‍ക്ക് എത്താൻ കഴിഞ്ഞിട്ടില്ല. അട്ടമലയിലെയും ചൂരല്‍മലയിലെയും ആളുകളെ പുറത്തെത്തിക്കാനുള്ള നീക്കം തുടരുകയാണ്.

കണ്‍ട്രോള്‍ റും തുറന്നു.
ഉരുൾപൊട്ടലടക്കമുള്ള വയനാട് ജില്ലയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യം കൺട്രോൾ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാവാൻ 9656938689, 8086010833 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കും : മുഖ്യമന്ത്രി

വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ സാധ്യമായ എല്ലാ രക്ഷാ പ്രവർത്തനവും ഏകോപിപ്പിക്കും.
സംഭവം അറിഞ്ഞതു മുതൽ സർക്കാർ സംവിധാനങ്ങൾ യോജിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയിട്ടുണ്ട്.
മന്ത്രിമാർ ഉൾപ്പെടെ വയനാട്ടിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here