സ്ഥാനാര്‍ഥികളില്‍ നാല് പേരും മുന്‍ കോണ്‍ഗ്രസുകാര്‍
അന്‍ഷാദ് കൂട്ടുകുന്നം
തിരുവനന്തപുരം. പാര്‍ട്ടിക്കു വേണ്ടി കാലങ്ങളോളം പ്രവര്‍ത്തിച്ച നേതാക്കള്‍ക്ക് കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റു ലഭിക്കാത്തത് ബി.ജെ.പി കേരളഘടകത്തില്‍ വന്‍ പൊട്ടിത്തെറിയുണ്ടാക്കിയേക്കും. പല നേതാക്കളും പ്രചരണരംഗത്തു സജീവമല്ല.
പാര്‍ട്ടി പ്രവര്‍ത്തകരുടെ നിസംഗത കാരണം തിരുവനന്തപുരം അടക്കമുള്ള പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ പ്രചാരണ നോട്ടിസ് എത്തിക്കുന്നതു പോലും കൂലിക്ക് ആളിനെവെച്ചാണ്. കുമ്മനം രാജശേഖരന്, പി.കെ കൃഷ്ണദാസ്, എ.എന്‍ രാധാകൃഷ്ണന് തുടങ്ങിയ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ ഇത്തവണ പരിഗണിച്ചില്ല.
എം. ഗണേശന്, കെ.സുഭാഷ്, ഡോ. ജെ പ്രമീളാദേവി, സി. കൃഷ്ണകുമാര്‍, അഡ്വ.ഇ കൃഷ്ണദാസ് അടക്കമുള്ള സംസ്ഥാനഭാരവാഹികളും സീറ്റ് മോഹവുമായി നില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസ് വിട്ടുവന്നവര്‍ക്ക് അധികം സീറ്റ് നല്‍കിയത്.
കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയില്‍ എത്തിയവരില്‍ നാലുപേര്‍ക്കാണു പ്രധാന സീറ്റുകള്‍ നല്‍കിയത്. മുന്‍മുഖ്യമന്ത്രി എ.കെ ആന്റണിയുടെ മകന് അനില്‍ ആന്റണി അടുത്തിടെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അദ്ദേഹം പത്തനംതിട്ട മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ സിറ്റിങ് എം.പി ആന്റോ ആന്റണിയോടും സി.പി.എം നേതാവും മുന്‍മന്ത്രിയുമായ തോമസ് ഐസകിനോടും മത്സരിക്കുന്നു.
എറണാകുളം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി മുന്‍ ശ്രീശങ്കരാ സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ കെ.എസ് രാധാകൃഷ്ണനാണ്. കെ.പി.സി.സി അംഗവും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാധാകൃഷ്ണന് 2019ലാണ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് ഭരണകാലത്ത് പി.എസ്.സി ചെയര്‍മാനായിരുന്നു. കഴിഞ്ഞ തവണ ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായി.
മലപ്പുറം മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ത്ഥി ഡോ. എം അബ്ദുല്‍സലാം കോണ്‍ഗ്രസില്‍ നിന്നാണ് ബി.ജെ.പിയിലെത്തിയത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലറായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തു മത്സരിച്ചതു കോണ്‍ഗ്രസില്‍ നിന്നെത്തിയ അബ്ദുള്ളക്കുട്ടിയായിരുന്നു.
കണ്ണൂര്‍ ഡി.സി.സി സെക്രട്ടറിയായിരുന്ന സി.രഘുനാഥാണ് കണ്ണൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി. ഇദ്ദേഹം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ധര്‍മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ എതിര് സ്ഥാനാര്‍ഥിയായിരുന്നു.
എന്‍.ഡി.എ സ്ഥാനാര്‍ഥിമാരില്‍ രണ്ടു പേര് യൂണിവേഴ്സിറ്റി വൈസ് ചാന്സിലര്മാരായിരുന്നെങ്കില് ഒരാള്‍ കോളജ് പ്രിന്‍സിപ്പലായിരുന്നു. ആലത്തൂരിലെ സ്ഥാനാര്‍ഥി ടി.എന്‍ സരസു പാലക്കാട് വിക്ടോറിയ കോളജില്‍ പ്രിന്‍സിപ്പലായിരുന്നു. പ്രിന്‍സിപ്പലായിരിക്കെ 2016ല്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളജ് മുറ്റത്ത് കുഴിമാടം നിര്‍മിച്ച് യാത്രയയപ്പു നല്‍കിയത് ഏറെ വിവാദമായിരുന്നു. കൊല്ലത്തെ സ്ഥാനാര്‍ത്ഥി ജി.കൃഷ്ണകുമാറിനു വേണ്ടി പ്രവര്‍ത്തിക്കാനും പ്രവര്‍ത്തകരില്ല.