ഗവര്‍ണറും ധൂര്‍ത്തില്‍ കുറവില്ല; 2.6 കോടി ആവശ്യപ്പെട്ട് ഗവര്‍ണര്‍

തിരുവനന്തപുരം : സര്‍ക്കാരിന്റെ ധൂര്‍ത്താണ് സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണമെന്ന വിമര്‍ശനം ഉന്നയിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ധൂര്‍ത്തിനും കുറവില്ല.

രാജ്ഭവന്റെ ചിലവിന് അധിക തുക ആവശ്യപ്പെട്ട് നല്‍കിയ കത്തിലെ വിവരങ്ങള്‍ പുറത്ത്. രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്ന ഗവര്‍ണര്‍ക്കുളള സര്‍ക്കാരിന്റെ തിരിച്ചടിയാണ് കത്ത് വിവരങ്ങള്‍ പുറത്തു വന്നതിന് പിന്നില്‍. രാജ്ഭവനുള്ള ബജറ്റ് വിഹിതത്തില്‍ 8 ഇരട്ടി വര്‍ദ്ധനയാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ ചട്ട പ്രകാരം 32 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അനുവദിക്കേണ്ടത്. ഇത് 2.60 കോടിയാക്കണമെന്നാണ് ഗവര്‍ണറുടെ ആവശ്യം. ആറിനങ്ങളിലെ ചെലവുകളില്‍ വന്‍ വര്‍ദ്ധനയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതിഥി സത്കാരത്തിന് അനുവദിക്കുന്ന തുകയില്‍ 20 ഇരട്ടി വര്‍ദ്ധനയാണ് ഗവര്‍ണര്‍ ആവശ്യപ്പെടുന്നത്. ഇത് കൂടാതെ വിനോദ ചിലവുകള്‍ക്ക് 36 ഇരട്ടി, യാത്ര ചിലവുകള്‍ക്ക് 6 ഇരട്ടി, ഫര്‍ണ്ണിച്ചര്‍ നവീകരണത്തിന് രണ്ടര ഇരട്ടി എന്നിങ്ങനെയാണ് ഗവര്‍ണറുടെ ആവശ്യങ്ങള്‍. സര്‍ക്കാരിനെ ധൂര്‍ത്തെന്ന പേരില്‍ രൂക്ഷമായി വിമര്‍ശിക്കുന്നതിനിടയില്‍ തന്നെയാണ് അധിക തുക ആവിശ്യപ്പെട്ടുളള കത്തും ഗവര്‍ണര്‍ നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം കുട്ടനാട്ടില്‍ കര്‍ഷ ആത്മഹത്യയടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജനം ബുദ്ധിമുട്ടുമ്ബോള്‍ നീന്തല്‍കുളം നവീകരിക്കുകയാണ് ഭരണാധികാരിയെന്നായിരുന്നു ആരിഫ് ഖാന്റെ വിമര്‍ശനം. മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചതിനു പിന്നാലെ ഗവര്‍ണര്‍ സര്‍ക്കാരിന് നല്‍കിയ കത്തിലെ വിവരങ്ങള്‍ പുറത്തു വരുന്നതില്‍ തന്നെ എല്ലാം വ്യക്തമാണ്.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയിട്ടുള്ള ഗവര്‍ണേഴ്‌സ് അലവന്‍സസ് ആന്‍ഡ് പ്രിവിലേജ് റൂള്‍സ് 1987 പ്രകാരമാണ് ഗവര്‍ണറുടെ ആനുകൂല്യങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. ചട്ടം അനുസരിച്ച്‌ ഇവയ്ക്കായി നല്‍കേണ്ട തുക പരമാവധി 32 ലക്ഷം വരെയാണ്. അതിനാല്‍ ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ ഈയിനത്തില്‍ 30 ലക്ഷം നീക്കിവച്ചു. ഇത് പര്യാപ്തമല്ലെന്നാണ് രാജഭവന്റെ നിലപാട്. കൂടുതല്‍ ചോദിച്ചിരിക്കുന്ന തുക അധികം വകയിരുത്തലായോ പുനക്രമീകരണം വഴിയോ ലഭ്യമാക്കണമെന്നാണ് ആവശ്യം. സര്‍ക്കാരിന്റെ എല്ലാ ചിലവുകള്‍ക്കും നിയമസഭയുടെ അംഗീകാരത്തോടെ മാത്രമേ തുക ചിലവഴിക്കാന്‍ കഴിയൂ. എന്നാല്‍ രാജ്ഭവന് ഇത് ബാധകമല്ല. ട്രഷറിയില്‍ പണം ഇല്ലെങ്കിലും രാജ്ഭവന്റെ ബില്ലുകള്‍ പാസാക്കണമെന്നാണ് ചട്ടം. ഇത് മാത്രമല്ല രാജ്ഭവന്റെ വിനിയോഗം ഒരു തരത്തിലും പരിശോധന വിധേയവുമാകുന്നില്ല. ഇപ്പോള്‍ വര്‍ദ്ധന ആവശ്യപ്പെട്ടിരിക്കുന്ന ഇനങ്ങളില്‍ 10 വര്‍ഷത്തിനിടെ 3 കോടിക്കടുത്താണ് ചിലവഴിച്ചിരിക്കുന്നത്.
സര്‍ക്കാരിന്റെ സാമ്ബത്തിക പ്രതിസന്ധി രാജ്ഭവന്റെ പ്രവര്‍ത്തനത്തേയും ബാധിച്ചതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. രാജ്ഭവന്റെ അടുക്കളയിലടക്കം സാധനങ്ങള്‍ ഇല്ല എന്നായിരുന്നു വിവരം.