ഏത് രാജ്യക്കാര്‍ക്കും ബിസിനസ് വിസിറ്റ് വിസ വഴി സൗദിയില്‍ എത്താം

ഇനിമുതല്‍ ഏത് രാജ്യക്കാര്‍ക്കും ബിസിനസ് വിസിറ്റ് വിസ വഴി സൗദിയില്‍ എത്താം. സൗദി അറേബ്യ നല്‍കിവന്നിരുന്ന ബിസിനസ് വിസിറ്റ് വിസ എല്ലാ രാജ്യങ്ങള്‍ക്കുമായി വിപുലപ്പെടുത്തി.

ഓണ്‍ലൈനായി ആണ് ബിസിനസ് വിസിറ്റ് വിസ നല്‍കുന്നത്.

വളരെ കുറച്ച്‌ രാജ്യങ്ങള്‍ക്ക് മാത്രമാണ് സൗദി അറേബ്യ ബിസിനസ് വിസിറ്റ് വിസ അനുവദിച്ചിരുന്നത്. ഇത് അനുവദിക്കുന്നതോടെ എല്ലാ രാജ്യക്കാര്‍ക്കും ഒരു വര്‍ഷ കാലാവധിയുള്ള വിസയില്‍ പലതവണ സൗദിയിലേക്ക് വരാനും പോകാനും കഴിയും. വളരെ എളുപ്പത്തില്‍ നേടിയെടുക്കാവുന്ന ബിസിനസ് വിസിറ്റ് വിസ സംവിധാനം കഴിഞ്ഞ ജൂണിലാണ് വിദേശനിക്ഷേപകര്‍ക്കായി സൗദി അറേബ്യ ആരംഭിച്ചത്.

അപേക്ഷകന് ഇമെയില്‍ വഴി ലഭിക്കുന്ന വിസക്ക് ‘വിസിറ്റര്‍ ഇൻവെസ്റ്റര്‍’ എന്ന പേരിലുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ പോര്‍ട്ടലിലാണ് അപേക്ഷിക്കേണ്ടത്. വിദേശനിക്ഷേപകര്‍ക്കും വിദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ബിസിനസ് വിസിറ്റ് വിസ ഉപയോഗപ്പെടുത്താനാവുമെന്നും സൗദി അറേബ്യയെ ആകര്‍ഷകമായ മത്സരക്ഷമതയുള്ള ഒരു മുൻ നിര നിക്ഷേപ ശക്തിയാക്കുക എന്ന ലക്ഷ്യങ്ങളുടെ ഭാഗമായാണ് ഇ- ബിസിനസ് വിസിറ്റ് വിസ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നത് എന്നും അധികൃതര്‍ അറിയിച്ചു