തിരുവനന്തപുരം. ഇസ്രയേൽ പാലസ്തീൻ വിഷയത്തിൽ നെതന്യാഹുവിൻ്റെയും നരേന്ദ്ര മോഡിയുടെയും ശബ്ദം ഒരു പോലെയാണെന്ന് എംഎം ഹസ്സൻ പറഞ്ഞു. ഹമാസിൻ്റെ ഭീകര ആക്രമണത്തെ അപലപിക്കുന്നു. എന്നാൽ പതിനെട്ട് ദിവസങ്ങളായി ഇസ്രയേൽ നടത്തുന്ന യുദ്ധം മനുഷ്യത്വഹീനമാണ്. യുദ്ധഭൂമിയിൽ പാലിക്കേണ്ട ധാർമ്മികത അപ്പാടെ അട്ടിമറിക്കപ്പെട്ടിരുന്നു. ജനീവ കരാർ അടക്കമുള്ള കരാറുകളുടെ നഗ്നമായ ലംഘനമാണ് പാലസ്തീനിൽ ഇസ്രയേൽ നടത്തുന്നത്. ആതുരാലയങ്ങളും അഭയാർത്ഥി ക്യാമ്പുകളും ആക്രമിക്കപ്പെടുന്നു. കെ പി സി സി വി ചാർവിഭാഗ് തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളും കുട്ടികളും നിർദ്ദയം കൊന്നൊടുക്കപ്പെടുന്നു. ഭക്ഷണവും വൈദ്യസഹായവും വൈദ്യുതിയും ജലവും യുദ്ധത്തിൻ്റെ പേരിൽ നിഷേധിക്കുന്നതിനെ ന്യായീകരിക്കുന്ന നരേന്ദ്ര മോഡിയുടെ നിലപാട് ഇസ്രയേലിൻ്റെ ക്രൂരതയ്ക്കുള്ള വാഴ്ത്തുപാട്ടാണ്.ഇന്ത്യയും പാലസ്തീൻ ജനതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിവില്ലാത്ത ആളുകളാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്. യുദ്ധവെറിയൻ മാർക്കും ഭീകരവാദികൾക്കും എതിരായ നിലപാടാണ് എല്ലാ കാലത്തും നമ്മുടെ രാജ്യം സ്വീകരിച്ചിട്ടുള്ളത്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശക്തമായ നിലപാട് സ്വീകരിക്കുന്നതിന് പകരം ഇസ്രയേലിനെ കണ്ണുമടച്ച് പിന്തുണയ്ക്കുന്ന മോഡിയുടെ നിലപാട് അപലപനീയമാണ്. ലോകത്തിലെ ഏറ്റവും വലിയ സമാധാന പ്രേമികളിൽ ഒരാൾ ആയിരുന്ന യാസർ അരാഫത്ത് ഇന്ദിരാഗാന്ധിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു കൊണ്ട് പറഞ്ഞത് എൻ്റെ സഹോദരി കൊല്ലപ്പെട്ടു എന്നാണ്. ഇന്ത്യയും പാലസ്തീനും തമ്മിലുള്ള ആത്മബന്ധത്തിൽ നിന്നും ഉതിർന്നതാണ് ആ വാക്കുകൾ.
ഡി സി സി പ്രസിഡൻ്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജോർജ് ഓണക്കൂർ, കാട്ടൂർ നാരായണപിള്ള, അനിൽകുമാർ.ഡി, എ.ടി.ജോർജ്, പി.കെ.വേണുഗോപാൽ,ആനാട് ജയൻ, ചെമ്പഴന്തി അനിൽ, വിനോദ് സെൻ,സുധീർ ഷാ പാലോട്, ആർ.ലക്ഷ്മി, ഗോപുനെയ്യാർ തുടങ്ങിയവർ സംസാരിച്ചു.