തിരുവനന്തപുരം. കര്‍ണാടകയ്ക്കും തമിഴ്നാടിനും പിന്നാലെ കേരളത്തില്‍ കെല്‍ട്രോണ്‍ സ്ഥാപിച്ച എ ഐ കാമറ ട്രാഫിക് സംവിധാനങ്ങളെക്കുറിച്ച് പഠിക്കാന്‍ മഹാരാഷ്ട്ര ഗതാഗത വകുപ്പും.
മോട്ടോര്‍ വാഹന വകുപ്പിന് വേണ്ടി കേരളത്തില്‍ ഉടനീളം കെല്‍ട്രോണ്‍ സ്ഥാപിച്ച അക അധിഷ്ഠിത ട്രാഫിക് എന്‍ഫോഴ്സ്മെന്റ് സംവിധാനങ്ങളുടെ പ്രവര്‍ത്തനവും പദ്ധതി നിര്‍വഹണവും മനസ്സിലാക്കുന്നതിനായി മഹാരാഷ്ട്ര ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ കഴിഞ്ഞ ദിവസം കെല്‍ട്രോണ്‍ സന്ദര്‍ശിച്ചു. മഹാരാഷ്ട്ര ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ശ്രീ വിവേക് ഭിമാന്‍വര്‍ ഐ എ എസിന്റെ നേതൃത്വത്തിലുള്ള സംഘം ഉന്നത ഉദ്യോഗസ്ഥരുമായി വെള്ളയമ്പലം കെല്‍ട്രോണ്‍ ആസ്ഥാനത്ത് വച്ച് ചര്‍ച്ച നടത്തുകയും തുടര്‍ന്ന് തിരുവനന്തപുരത്തുള്ള മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് എന്‍ഫോഴ്സ്മെന്റ് ഓഫീസിലെ സ്റ്റേറ്റ് കണ്ട്രോള് റൂം സന്ദര്‍ശിച്ചു സേഫ് കേരള പദ്ധതിയുടെ സാങ്കേതികവശങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു.
സേഫ് കേരള പദ്ധതി നടപ്പിലാക്കിയതോടെ സംസ്ഥാനത്ത് റോഡപകടങ്ങളും മരണങ്ങളും കുറഞ്ഞതാണ് മഹാരാഷ്ട്ര ഗതാഗത വകുപ്പിനെ ആകര്‍ഷിച്ചത്. ആധുനിക സാങ്കേതിവിധിയുടെ സാധ്യതകള്‍ ഉപയോഗിച്ച് കേരളത്തില്‍ നടപ്പിലാക്കിയ റോഡ് സുരക്ഷാ സംരംഭങ്ങളില്‍ മഹാരാഷ്ട്ര ഗതാഗത വകുപ്പ് മതിപ്പറിയിച്ചു. മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളില്‍ ഇത്തരം സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ ആലോചിക്കുന്നതായും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കെല്‍ട്രോണിനെ അറിയിച്ചു. മഹാരാഷ്ട്രയിലെ ചില നഗരങ്ങളില്‍ സിഗ്നല്‍ സംവിധാനം കെല്ട്രോണിന്റേതാണ്. കൂടുതല്‍ നഗരങ്ങളില്‍ ആധുനിക ട്രാഫിക് സിഗ്നല്‍ സംവിധാനങ്ങള്‍ ആരംഭിക്കാന്‍ മഹാരാഷ്ട്ര ശ്രമിക്കുമ്പോള്‍ കെല്‍ട്രോണിനും സാധ്യതകളേറെയാണ്.