അറുപതോളം മോഷണ കേസിലെ പ്രതികള്‍ പിടിയില്‍

നെയ്യാറ്റിൻകര : അറുപതോളം മോഷണ കേസുകളിലെ പ്രതികളും പിടികിട്ടാപ്പുള്ളികളുമായ മോഷ്ടാക്കൾ പിടിയിൽ. നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്ത പരശുവയ്ക്കൽ കൊറ്റാമം ഷഹാന മൻസിലിൽ റംഷാദ് (22), കൊട്ടാരക്കര ചിതറ വളവുവച്ച സൂര്യക്കുളം ഉണ്ണിമുക്ക് തടത്തരികത്ത് വീട്ടിൽ മുഹമ്മദ് ഷാൻ (21) എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.വാഹന പരിശോധനയ്ക്കിടെ, പൊലീസിനെ കണ്ടതും ബൈക്ക് ഉപേക്ഷിച്ച് കടന്ന ഇവരെ പൊലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു.

മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് മാല പിടിച്ചു പറിക്കൽ ആണ് ഇവരുടെ പ്രധാന രീതിയെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ പേരിൽ സംസ്ഥാനത്തും തമിഴ്നാട്ടിലുമായി അറുപതോളം കേസുകളുണ്ട്. കഴിഞ്ഞദിവസം പള്ളിയിൽ പോയി മടങ്ങുകയായിരുന്ന കാട്ടാക്കട പന്നിയോട് കൊളവുപാറ അജീഷ് ഭവനിൽ ഗോമതിയുടെ (60) മാല കവർന്നതാണ് ഏറ്റവും ഒടുവിലെ പിടിച്ചുപറി.

തമിഴ്നാട്ടിൽ നാഗർകോവിൽ, തക്കല എന്നിവിടങ്ങളിൽ നിന്ന് ബൈക്കുകൾ മോഷ്ടിച്ചതായി ഇവർ പൊലീസിനോട് സമ്മതിച്ചു. കൊല്ലം ചവറയിൽ പൊലീസിനു നേരെ വധശ്രമം, പൊഴിയൂർ, മാരായമുട്ടം എന്നീ സ്റ്റേഷനുകളിൽ വാഹന മോഷണം, തിരുവനന്തപുരം സിറ്റി, കഴക്കൂട്ടം, കടയ്ക്കൽ, പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധികളിൽ കവർച്ച തുടങ്ങി ഒട്ടേറെ കേസുകളിൽ ഇവർ പ്രതികളാണ്.

പത്തനംതിട്ട, കോട്ടയം തുടങ്ങിയ ജില്ലകളിൽ നിന്നും ഇവർ വാഹനങ്ങൾ കവർന്നതായി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുതുവിളയിലും പൊഴിയൂർ മഹാദേവ ക്ഷേത്രത്തിനു സമീപത്തു നിന്നും സ്ത്രീകളുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ചതും റംഷാദും മുഹമ്മദ് ഷാനും ചേർന്നാണ്.

നെയ്യാറ്റിൻകര സിഐ: സി.സി.പ്രതാപചന്ദ്രൻ, എസ്ഐമാരായ ഡി.സൈലസ്, ജെ.ജോയി, വിജുകുമാർ, ജയരാജ്, എഎസ്ഐ സുരേഷ് കുമാർ, പൊലീസുകാരായ വിനോജ്, അജീഷ്, അരുൺ, ലെനിൻ, ഷിജിൻ ദാസ്, ശ്രീകാന്ത്, രതീഷ് പ്രവീൺ, അനന്തകൃഷ്ണൻ, അഭിലാഷ്, ബിജു, രാജേഷ്, അഖിൽ, ബിനോയ് ജസ്റ്റിൻ, വിഷ്ണു എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ ഓടിച്ചിട്ട് പിടികൂടിയത്.