ഉറങ്ങിക്കിടന്നയാളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതി പിടിയില്‍

കൊല്ലം: നീണ്ടകരയില്‍ തമിഴ്‌നാട് സ്വദേശിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊലപ്പെടുത്തി. നിർമാണത്തൊഴിലാളിയായ മഹാലിംഗം (54) എന്നയാളെയാണ് ഉറക്കത്തിനിടെ തലയ്ക്കടിച്ചു കൊന്നത്. സംഭവത്തില്‍ കോട്ടയം കറുകച്ചാല്‍ താഴത്തുപറമ്പില്‍ ബിജുവിനെ ചവറ പോലീസ് കസ്റ്റഡിയിലെടുത്തു.

നീണ്ടകര പുത്തന്‍തുറയില്‍ നിര്‍മാണത്തിലിരിക്കുന്ന ക്ഷേത്രത്തിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു തമിഴ്‌നാട് സ്വദേശായായ മഹാലിംഗം. ഇയാളെ വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ബിജു തലയില്‍ കമ്പിവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സ്ഥലത്ത് നിര്‍മാണ തൊഴിലാളികളായി പ്രവര്‍ത്തിക്കുകയായിരുന്നു ഇരുവരും. കഴിഞ്ഞദിവസം രാത്രി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നതായി പറയുന്നു. പുലര്‍ച്ചെ മഹാലിംഗത്തിന്‍റെ തലയ്ക്കടിച്ച ശേഷം ബിജു തന്നെ ആംബുലന്‍സ് ജീവനക്കാരനെ വിളിച്ച് സുഹൃത്ത് പരിക്കേറ്റ് കിടക്കുന്നതായി അറിയിച്ചു. ആംബുലന്‍സ് ജീവനക്കാര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ മഹാലിംഗം കൊല്ലപ്പെട്ടതായി മനസ്സിലാക്കി. തുടര്‍ന്ന് അവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.