പെണ്‍ കരുത്ത് ആകാശത്തെയും കീഴടക്കി; വിമാനം പറത്താന്‍ വനിതാജീവനക്കാര്‍ മാത്രം മതിയെന്ന് സൗദി തെളിയിച്ചു

റിയാദ്: പൂര്‍ണമായും വനിതാ ജീവനക്കാരെ ഉള്‍പ്പെടുത്തി സൗദിയില്‍ ആദ്യത്തെ ആഭ്യന്തര വിമാനം പറന്നുയര്‍ന്നു. സൗദിയുടെ ബജറ്റ് എയര്‍ലൈനായ ഫ്‌ലൈഡീല്‍ വിമാനമാണ് തലസ്ഥാനമായ റിയാദില്‍ നിന്ന് ജിദ്ദയിലേയ്ക്ക് വനിതാ ജീവനക്കാരുമായി സര്‍വീസ് നടത്തിയത്. ഏഴംഗ ക്രൂവില്‍ ഫസ്റ്റ് ഓഫീസര്‍ ഉള്‍പ്പെടെ എല്ലാവരും വനിതകളായിരുന്നു. ക്രൂ അംഗങ്ങളില്‍ ഭൂരിഭാഗവും സൗദി സ്വദേശിനികളായിരുന്നു എന്ന് ഫ്‌ലൈഡീല്‍ വക്താവ് ഇമാദ് ഇസ്‌കന്ദറാണി പറഞ്ഞു. ക്യാപ്റ്റന്‍ വിദേശ വനിതയായിരുന്നു.
രാജ്യത്തെ ശാക്തീകരണത്തിനുള്ള ഒരു നാഴികക്കല്ലാണ് ഇതെന്ന് വിമാനത്തിന്റെ ആദ്യ ദൗത്യം പൂര്‍ത്തിയാക്കിയതിനു ശേഷം എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. വര്‍ഷങ്ങളില്‍ വ്യോമയാന മേഖലയില്‍ സ്ത്രീകളുടെ കൂടുതല്‍ സാന്നിധ്യം ഉണ്ടാകുമെവിവി സൗദി അറേബ്യ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
2019ല്‍ ഒരു വനിതാ സൗദി കോ പൈലറ്റുമായി സൗദി സിവില്‍ ഏവിയേഷന്‍ ആദ്യ വിമാനം പറത്തിയിരുന്നു. സൗദിയെ ആഗോള ട്രാവല്‍ ഹബ്ബാക്കി മാറ്റുന്ന വ്യോമയാന മേഖലയുടെ ദ്രുതഗതിയിലുള്ള വിപുലീകരണത്തിനാണ് സൗദി അറേബ്യ മുന്‍തൂക്കം നല്‍കുന്നത്. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ വര്‍ഷത്തില്‍ 330 ദശലക്ഷം യാത്രക്കാരുടെ വര്‍ദ്ധനവിനാണ് സൗദി ലക്ഷ്യമിടുന്നത്.
2030 ഓടെ ഈ മേഖലയിലേക്ക് 100 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുക, ഒരു പുതിയ ദേശീയ വിമാനക്കമ്പനി കൂടി സ്ഥാപിക്കുക, റിയാദില്‍ ഒരു പുതിയ ‘മെഗാ എയര്‍പോര്‍ട്ട്’ നിര്‍മ്മിക്കുക, വര്‍ഷത്തില്‍ അഞ്ചു ദശലക്ഷം ടണ്‍ ചരക്കുനീക്കം സാധ്യമാക്കുക എന്നിവയാണ് സൗദി ലക്ഷ്യമിടുന്നത്.