അബുദാബി: കസ്റ്റമർ കെയർ എക്സിക്യൂട്ടിവിന്റെ വാക്കിനു വിലകൊടുത്ത കർണാടക സ്വദേശി ശിവമൂർത്തി ഒറ്റ രാത്രികൊണ്ട് കോടീശ്വരനായി, വെറും കോടീശ്വരനല്ല, 23.7 കോടി രൂപയുടെ ഉടമ. മെക്കാനിക്കൽ എൻജിനീയറായ ശിവമൂർത്തി കൃഷ്ണപ്പയാണ് അബുദാബി ബിഗ് ടിക്കറ്റിലൂടെ 1.2 കോടി ദിർഹം സ്വന്തമാക്കിയത്.
മാസംതോറും ബിഗ് ടിക്കറ്റ് എടുക്കാറുള്ള അദ്ദേഹം പതിവുപോലെ ഫെബ്രുവരിയിലും ടിക്കറ്റെടുക്കാനുള്ള തീയതി മനസിൽ കുറിച്ചിട്ടു. 27 നോ 28 നോ ടിക്കറ്റ് എടുക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ കൃത്യം 17ന് അദ്ദേഹത്തെത്തേടി ബിഗ് ടിക്കറ്റ് കസ്റ്റമർ കെയറിൽനിന്ന് ഒരു കോൾ എത്തി. റിച്ചാർഡ് എന്ന് പരിചയപ്പെടുത്തിയ എക്സിക്യൂട്ടിവ് ശിവമൂർത്തിയ്ക്കു മുന്നിൽ കമ്പനിയുടെ പുതിയ പ്ലാൻ വ്യക്തമാക്കി. രണ്ടു ടിക്കറ്റെടുത്താൽ ഒന്നു ഫ്രീ എന്നായിരുന്നു ഓഫർ. അങ്ങനെ കാശുകൊടുത്തു വാങ്ങിയ രണ്ടു ടിക്കറ്റിനൊപ്പം ഫ്രീയായി മറ്റൊരു ടിക്കറ്റ് കൂടി കിട്ടി; നമ്പർ 202511- 24 കോടിയുടെ ഭാഗ്യം ഒളിപ്പിച്ച നമ്പർ!
2005 മുതൽ ഷാർജയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരുകയാണ് ശിവ മൂർത്തി. ഭാര്യ ശ്വേതയും മക്കളായ ഷമിതയും മകൻ ഷാനും കൂടെയുണ്ട്. കഴിഞ്ഞ മൂന്നു വർഷമായി കൂട്ടുകാർക്കൊപ്പം ടിക്കറ്റെടുക്കാറുണ്ടെന്ന് ശിവമൂർത്തി. എന്നാൽ ഇവരെല്ലാം നാട്ടിലേക്കു മടങ്ങിയപ്പോഴും ഷാർജയിൽ തുടർന്ന മൂർത്തി ഭാഗ്യപരീക്ഷണവും അതിനൊപ്പം കൊണ്ടുപോയി. ഒരിക്കൽ ബിഗ് ടിക്കറ്റ് അടിച്ചാൽ ജീവിതം എന്നെന്നേക്കുമായി സുരക്ഷിതമാകുമെന്ന് പറയുമ്പോഴും ടിക്കറ്റ് വില കൂടുതലായതിനാൽ രണ്ടു വട്ടം ചിന്തിച്ചിട്ടേ എടുക്കാവൂ എന്നും ശിവമൂർത്തി പറയുന്നു. 500 ദിർഹമാണ് ടിക്കറ്റ് വില.
സ്വന്തം പേരിലാണ് ഇതുവരെ ടിക്കറ്റ് വാങ്ങിയിരുന്നതെങ്കിൽ ഇത്തവണ കുടുംബാംഗങ്ങളുടെ പേരിലായിരുന്നു ടിക്കറ്റെടുത്തതെന്നും ശിവമൂർത്തി. നറുക്കെടുപ്പ് ആദ്യമായി ലൈവിൽ കണ്ടതും ഇത്തവണ. കോടീശ്വരനായെങ്കിലും സാധാരണ ജീവിതവുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. വലിയ മോഹങ്ങളില്ല. ജീവിതം ഇപ്പോൾതന്നെ കരപിടിച്ചിട്ടുണ്ട്. എന്നാൽ ബിഗ് ടിക്കറ്റ് എടുക്കുന്ന ശീലവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം.
ഈ വർഷം ഇതാദ്യമായാണ് യുഎഇയിൽ ഭാഗ്യസമ്മാനം ലഭിക്കുന്നത്. ഇതിനു മുൻപത്തെ രണ്ടു തവണയും ഒമാനിലും ഖത്തറിലുമായിരുന്നു വിജയികൾ. മാത്രമല്ല, തുടർച്ചയായി മൂന്നാംതവണയും ഇന്ത്യൻ പ്രവാസിക്കാണ് ഭാഗ്യസമ്മാനമെന്നതും ശ്രദ്ധേയം.
അബുദാബിയിലെ മറ്റൊരു പ്രവാസിയും ഇന്നലെ രാത്രി കോടീശ്വരനായിട്ടുണ്ട്. ഫെബ്രുവരി ഏഴിന് ടിക്കറ്റെടുത്ത ജയപ്രകാശ് ഫിലിപ്പാണ് പത്തുലക്ഷം ദിർഹം നേടിയത്.