ജോലിസ്ഥലത്ത് അപകടത്തിൽപ്പെട്ട തൊഴിലാളിക്ക് 100 കോടി നഷ്ടപരിഹാരം

അബുദാബി: ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ തൊഴിലാളിക്ക് 5 ലക്ഷം ദിർഹം (99.84 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ അബുദാബി അപ്പീൽ കോടതി വിധിച്ചു. നിർമാണ പ്രവർത്തനത്തിനിടെ അടുക്കിവച്ച ചുടുകട്ട ശരീരത്തിലേക്കു വീണു പരുക്കേറ്റ ഏഷ്യക്കാരനായ യുവാവിനാണ് നഷ്ടപരിഹാരം. തൊഴിലിടത്തു മതിയായ സുരക്ഷാസംവിധാനമൊരുക്കിയിരുന്നില്ലെന്ന് കോടതി കണ്ടെത്തി.

രണ്ടു ലക്ഷം ദിർഹം നൽകാൻ പ്രാഥമിക കോടതി വിധിച്ചിരുന്നെങ്കിലും ആറു ലക്ഷം ദിർഹം ആവശ്യപ്പെട്ട് പരാതിക്കാരൻ നൽകിയ സിവിൽ കേസിലാണ് വിധി. അപകടത്തിൽ ഇയാൾക്ക് 80 ശതമാനം ശാരീരിക വൈകല്യം സംഭവിച്ചിരുന്നു.

പുറംജോലിക്കരാർ കമ്പനി തൊഴിലാളിയാണെന്നതിനാൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാൻ നിർമാണപ്രവർത്തനം നടത്തിയ കമ്പനി ശ്രമിച്ചെങ്കിലും കോടതി ഇത് തടയുകയായിരുന്നു. ഏതു കമ്പനിക്കു വേണ്ടി പണിയെടുക്കുമ്പോഴാണോ അപകടം സംഭവിച്ചത് അവർ തന്നെ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു.