ദുബായ്: യുഎഇ സ്വദേശിനിയുടെ കാണാതായ രത്നം നാലുമണിക്കൂറിനുള്ളിൽ കണ്ടെത്തി തിരിച്ചേൽപ്പിച്ച് ദുബായ് പൊലീസ്. ഹോട്ടലിൽ പ്രവേശിക്കുന്നിതിനിടെ പാർക്കിങ് ഏരിയയിലോ പ്രവേശന കവാടത്തിലോ രത്നം നഷ്ടപ്പെട്ടതായി യുവതി പരാതിപ്പെടുകയായിരുന്നു. ആയിരക്കണക്കിന് ദിർഹം വിലവരുന്ന രത്നമാണ് കാണാതായതെന്നും അവർ അറിയിച്ചു. തുടർന്ന് ബർദുബായ് പൊലീസ് സ്റ്റേഷനിൽ നിന്ന് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.
യുവതി പോയ ഇടങ്ങളിലെല്ലാം പൊലീസ് പരിശോധിച്ചെങ്കിലും രത്നം കണ്ടെടുക്കാനായില്ല. പിന്നീട്, ക്യാമറകൾ പരിശോധിക്കുന്നതിനിടെ, ഹോട്ടലിനു സമീപത്തെ വഴിയിൽനിന്ന് ഒരു വിദേശ പൗരൻ എന്തോ വസ്തു കുനിഞ്ഞെടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. യുവതി താമസിച്ച ഹോട്ടലിൽ കഴിയുന്ന വിദേശിയാണ് ഇയാൾ എന്നു തിരിച്ചറിഞ്ഞതോട, പൊലീസ് ഇയാളുടെ മുറിയിലെത്തി.
പൊലീസ് ചോദ്യം ചെയ്യലിൽ രത്നം കിട്ടിയ കാര്യം ഇയാൾ നിഷേധിച്ചു. തുടർന്ന് മുറി പരിശോധിച്ച പൊലീസിന് ചെറിയ ബാഗിൽ രത്നം കണ്ടെത്താനായി. എന്നാൽ വഴിയരികിൽനിന്നു കിട്ടിയതാണെന്നും ഉടമയെ അറിയാത്തതിനാൽ ബാഗ് മുറിയിൽ സൂക്ഷിക്കുകയായിരുന്നുവെന്നും ഇയാൾ അറിയിച്ചു.
പരാതി ലഭിച്ച് നാലുമണിക്കൂറിനുള്ളിൽ തന്നെ രത്നം കണ്ടെത്തി യുവതിക്ക് തിരിച്ചേൽപ്പിക്കാൻ പൊലീസിനായി.
വിലപ്പെട്ട വസ്തുക്കളോ രേഖകളോ പണമോ കണ്ടുകിട്ടുന്നവർ ഉടൻ പൊലീസിൽ വിവരമറിയിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അല്ലാത്തപക്ഷം നിയമപരമായ നടപടികൾ നേരിടേണ്ടിവരും. നേരിട്ടെത്താൻ കഴിയാത്തവർ ഫോണിൽ വിവരമറിയിച്ചാൽ മതിയെന്നും പൊലീസ്.