യുഎഇയിൽ ഏറ്റവും ഉയരത്തിലുള്ള റസ്റ്ററന്‍റ് അടച്ചുപൂട്ടുന്നു

ദുബായ്: യുഎഇയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന റാസ് അൽ ഖൈമയിലെ 1484 ബൈ പ്യൂറോ താത്കാലികമായി അടച്ചുപൂട്ടുന്നു. എമിറേറ്റിലെ പുതുക്കിയ കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് റസ്റ്ററന്‍റ് അധികൃതർ വ്യാഴാഴ്ച വ്യക്തമാക്കി.

റാസ് അൽ ഖൈമയിലെ ജബൽ ജയ്സിൽ സമുദ്രനിരപ്പിൽനിന്ന് 1484 മീറ്റർ ഉയരത്തിലാണ് റസ്റ്ററന്‍റ് സ്ഥിതി ചെയ്യുന്നത്. ഉയരത്തിന്‍റെ അളവുവച്ചാണ് റസ്റ്ററന്‍റിനു പേര് നൽകിയിരിക്കുന്നതും. രാജ്യത്തെ ഏറ്റവും ഉയരത്തിലുള്ള 1484 റസ്റ്ററന്‍റ് കഴിഞ്ഞവർഷം ഒക്റ്റോബറിലാണ് തുടങ്ങിയത്.

എമിറേറ്റിലെത്തുന്നവരുടെ സുരക്ഷയെക്കരുതിയുള്ള പുതിയ നിയമങ്ങൾ കണക്കിലെടുത്താണ് തീരുമാനമെന്ന് വാർത്താക്കുറിപ്പിൽ റസ്റ്ററന്‍റ് അധികൃതർ അറിയിച്ചു. ഈ സമയത്ത് സൗകര്യങ്ങൾ വികസിപ്പിക്കാൻ കൂടി ഉദ്ദേശിക്കുന്നതായി വാർത്താക്കുറിപ്പിൽ സൂചിപ്പിച്ചു.

അതേസമയം, സന്ദർശകരുടെ താത്പര്യം കണക്കിലെടുത്ത് ടോറോവെറിഡ് അഡ്വവെഞ്ചർ സെന്‍ററിൽ താത്കാലികമായി പ്രവർത്തിക്കുമെന്നും റസ്റ്ററന്‍റ് അധികൃതർ.