ദുബായ്: 11 കോടി ദിർഹമിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് ലോകത്തിലെ ഏറ്റവും വലിയ ക്യാൻവാസ് ദുബായിൽ ഒരുങ്ങുന്നു. ബ്രിട്ടിഷ് കലാകാരനായ സച്ച ജഫ്രിയാണ് 17,000 ചതുരശ്ര അടിയിൽ ചിത്രവിസ്മയം തീർത്തിരിക്കുന്നത്. ഫെബ്രുവരി 25നു പ്രകാശനം നടക്കുന്ന ചിത്രം ഇതിനകം ഗിന്നസ് റെക്കോഡ് സ്വന്തമാക്കിക്കഴിഞ്ഞു.
ചിത്രവുമായി ബന്ധപ്പെട്ടു ലഭിക്കുന്ന സാമ്പത്തിക ലാഭം കോവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്ന കുട്ടികൾക്കും യുവജനങ്ങൾക്കുമായി ചെലവഴിക്കും.ഈ വർഷം നടക്കുന്ന നാല് ലേലങ്ങളിലായാണ് ക്യാൻവാസിന്റെ വിവിധ ഭാഗങ്ങൾ ലേലത്തിൽവെക്കുന്നത്. യുനിസെഫ്, ദുബായ് കെയർ, യുനസ്കോ, ഗ്ലോബൽ ഗിഫ്റ്റ് ഫൗണ്ടേഷൻ, യുഎഇ സഹിഷ്ണുതാ മന്ത്രാലയം, വിദ്യാഭ്യാസ വകുപ്പ് എന്നിവയുമായി ചേർന്നാണ് ചാരിറ്റി പ്രവർത്തനം. ആരോഗ്യം, ഡിജിറ്റൽ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സഹായം എത്തിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറുകണക്കിന് സെലിബ്രിറ്റികൾ ഇതിന്റെ ഭാഗമാവും.
അറ്റ്ലാൻറിസിലെ മുറിയിൽ ഒരുങ്ങിയ ക്യാൻവാസ് പൂർത്തിയാക്കാൻ 28 ആഴ്ചയെടുത്തു. ദിവസവും 20 മണിക്കൂർ ഈ ചിത്രത്തിനായി ചെലവഴിച്ചിട്ടുണ്ടെന്ന് ജഫ്രി. 1,065 ബ്രഷും 6,300 ലിറ്റർ പെയിൻറും ഉപയോഗിച്ചു. ദ ജേണി ഓഫ് ഹ്യുമാനിറ്റി എന്ന് പേരിട്ടിരിക്കുന്ന ക്യാൻവാസിൽ ലോകത്തിന്റെറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ ഓൺലൈനായി അയച്ചുനൽകുന്ന പെയിൻറിങ്ങുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കോവിഡ് കാലത്തെ ഐസൊലേഷൻ, ബന്ധങ്ങൾ, അകൽച്ച എന്നിവയെല്ലാം വരയിൽ തീമായി വരുന്നു. കോവിഡ് കാലത്ത് ക്രിയാത്മകമായി എന്ത് ചെയ്യാം എന്ന ചിന്തയിൽനിന്നാണ് ഇങ്ങനെയൊരു ആശയം ഉടലെടുത്തത്.