ദുബായ്: കോവിഡ് പ്രതിരോധ ചട്ടങ്ങൾ ലംഘിച്ച 32 ഭക്ഷണശാലകൾ അടച്ചുപൂട്ടിയതായി ദുബായ് മുനിസിപ്പാലിറ്റി അധികൃതർ. ഈവർഷം ഇതുവരെ 472 ഭക്ഷണശാലകൾക്ക് മുന്നറിയിപ്പ് നോട്ടീസും നൽകി. 45 ദിവസത്തിനുള്ളിലാണ് ഇത്രയും സ്ഥാപനങ്ങൾക്കു നേരേ നടപടി.
ഭക്ഷണശാലകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മുനിസിപ്പാലിറ്റി ഇൻസ്പെക്റ്റർമാർ ഇതുവരെ 5841 പരിശോധനകൾ നടത്തിയതായി ഫുഡ് ഇൻസ്പെക്ഷൻ സെക്ഷൻ മേധാവി സുൽത്താൻ അൽ താഹിർ പറഞ്ഞു. അതേസമയം ഭൂരിഭാഗം ഭക്ഷണശാലകളും ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്നും അദ്ദേഹം.
ശാരീരിക അകലം പാലിക്കുന്നതിലും മാസ്ക്കും ഗ്ലൗസും ധരിക്കുന്നതിലുമാണ് പ്രധാനമായും വീഴ്ചവരുത്തുന്നത്. ഭക്ഷണം പാകം ചെയ്യുമ്പോൾ ഇവ ധരിക്കാതിരിക്കുന്നത് രോഗം പടരാൻ ഇടയാക്കും. കൂടാതെ ആവശ്യമായ സ്റ്റെറിലൈസേഷനും ഡിസ് ഇൻഫെക്ഷൻ വസ്തുക്കളും ഉപയോഗിക്കാതിരിക്കുന്നതും വീഴ്ചയായി കണ്ടെത്തിയിട്ടുണ്ടെന്ന് താഹിർ.
മുൻ കാലങ്ങളെ അപേക്ഷിച്ച് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ ദുബായിലെ ഭക്ഷണകേന്ദ്രങ്ങൾ കൂടുതൽ ജാഗ്രത പാലിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മിക്ക ഭക്ഷണശാലകളുടെയും ഉടമസ്ഥരും ജോലിക്കാരും വലിയതോതിൽ ബോധവത്കരിക്കപ്പെട്ടിട്ടുണ്ട്.
മുനിസിപ്പാലിറ്റി ഇൻസ്പെക്റ്റർമാർ പരിശോധനയ്ക്കെത്തുമ്പോൾ ആദ്യം പരിശോധിക്കുക ഭക്ഷണ ശാലകളിൽ സൂക്ഷിക്കുന്ന ദൈനംദിന റെക്കോഡാണ്. തൊഴിലാളികളുടെ വ്യക്തി ശുചിത്വം, വസ്തുക്കൾ അണുവിമുക്തമാക്കിയതിന്റെ കണക്ക് എല്ലാം പരിശോധനയ്ക്കു വിധേയമാക്കും. കൂടാതെ, ഭക്ഷ്യവസ്തുക്കൾ വാങ്ങുമ്പോഴും പാകം ചെയ്യുമ്പോഴും സൂക്ഷിക്കുമ്പോഴും പാലിക്കേണ്ടുന്ന സുരക്ഷാ മാനദണ്ഡങ്ങളും വിലയിരുത്തും.