“ബാബരിയുടെ വീണ്ടെടുപ്പ്, ഇന്ത്യയുടെ വീണ്ടെടുപ്പ് “ഫ്രറ്റേണിറ്റി ഫോറം കാംപയിന് റിയാദിൽ തുടക്കം

റിയാദ്: “ബാബരിയുടെ വീണ്ടെടുപ്പ്, ഇന്ത്യയുടെ വീണ്ടെടുപ്പ് ” എന്ന ശീർഷകത്തിൽ  ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സംഘടിപ്പിക്കുന്ന വർഗീയ വിരുദ്ധ കാംപയിന് റിയാദിൽ തുടക്കം കുറിച്ചു. കാംപയിൻ്റെ ബ്രോഷർ പ്രകാശനം ഫ്രറ്റേണിറ്റി ഫോറം പ്രസിഡൻ്റ് ഇൽയാസ് തിരൂർ നിർവഹിച്ചു. സെക്രട്ടറിമാരായ അൻസാർ ആലപ്പുഴ, സൈദലവി ചുള്ളിയൻ, കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
ഡിസംബർ 1 മുതൽ 31 വരെ ഒരു മാസം നീണ്ടു നിൽക്കുന്ന കാം പയിൻ്റെ ഭാഗമായി പുതുതലമുറയിലേക്ക് ബാബരിയുടെ ഓർമകൾ നുകർന്ന് നൽകുവാൻ ബാബരി ഓൺലൈൻ  ക്വിസ്സ് പ്രോഗ്രാം, ചിത്രരചന, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിക്കും. “ബാബരിയുടെ വീണ്ടെടുപ്പ്, ഇന്ത്യയുടെ വീണ്ടെടുപ്പ് ” എന്ന വിഷയത്തെ അടിസ്ഥാനമാക്കി വിവിധ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സംഘടനകളെ ഉൾപ്പെടുത്തി ടേബിൾ ടോക്ക്, സെമിനാർ, പബ്ളിക്ക് പ്രോഗ്രാമുകൾ, ആൻറി ഫാസിസ്റ്റ് കൂട്ടായ്മകൾ, ചർച്ചകൾ എന്നിവ സംഘടിപ്പിക്കും. ബാബരി മസ്ജിദ് തകർത്ത് എറിയപ്പെട്ട  ഡിസംബർ 6 നു രാത്രി 8.30മണിക്ക് ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ വച്ച് പ്രസ്തുത  വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. റിയാദിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുമെന്ന്  കാംപയിൻ കോർഡിനേറ്റർ റഹീസ് തിരൂർ അറിയിച്ചു. 
ജനാധിപത്യത്തിന്റെ പഴുതിലൂടെ  ഭരണം കൈക്കലാക്കി ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാകുവാൻ  പദ്ധതികൾ നടപ്പിലാക്കുന്ന ഈ കാലത്തു എന്ത് കൊണ്ടും ബാബരി സ്മരണ നിലനിർത്തുകയും അതിലൂടെ ഇന്ത്യയെയും,  ബാബരിയെയും, ജനാധിപത്യ മതേതര മൂല്യങ്ങളെയും സംരക്ഷിക്കാൻ  ഓരോ പ്രവാസി ഇന്ത്യക്കാരും ഈ കാംപയിൻ്റെ ഭാഗമാവേണ്ടതുണ്ടെന്നും ഭാരവാഹികൾ  അറിയിച്ചു.