ദുബായ്: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ അടച്ചിട്ട അതിർത്തികൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുറക്കില്ലെന്ന് ആവർത്തിച്ച ഒമാൻ, നാട്ടിലേക്കു തിരിച്ചു വരാൻ ഉദ്ദേശിക്കുന്ന പൗരന്മാർ ഫെബ്രുവരി 21 രാവിലെ പത്തിനു മുൻപായി എത്തിയിരിക്കണമെന്ന് അറിയിച്ചു. ഇതിനുശേഷമെത്തുന്നവരെ അതിർത്തികളിലെ നിരോധനം പിൻവലിക്കാതെ രാജ്യത്തേക്കു കടത്തിലെന്നും അധികൃതർ.
കഴിഞ്ഞ ഒരാഴ്ചയായി അതിർത്തികൾ അടഞ്ഞുകിടക്കുകയാണ്. ഇത് നീട്ടിയേക്കുമെന്ന് അധികൃതർ നേരത്തേതന്നെ അറിയിപ്പ് നൽകിയിരുന്നു. കര, കടൽ, വ്യോമ മാർഗങ്ങൾ വഴി 21നു മുൻപ് ഒമാനിലേക്ക് തിരിച്ചെത്തുന്നവർ നിർബന്ധമായും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ പ്രവേശിക്കണം. ഇത് സ്വന്തം ചെലവിലായിരിക്കും. ഹോം ക്വാറന്റീനിൽ കഴിയുന്നവർ ഇത് ലംഘിക്കുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് മാറ്റം.
അതിർത്തി കടന്നെത്തി ക്വാറന്റീനിൽ കഴിയുന്നവർ ട്രാക്കിങ് ബ്രെയ്സ്ലെറ്റ് വീട്ടിലെ മുതിർന്നവരുടെ കൈയിൽ കെട്ടിയശേഷം പുറത്തിറങ്ങുന്നതായി അടുത്തിടെ കണ്ടെത്തിയിരുന്നു. തുടർന്നാണ് ആരോഗ്യമന്ത്രാലയം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കിയത്.
രാജ്യത്തെ എല്ലാ ബീച്ചുകളും പാർക്കുകളും മറ്റു വിനോദ കേന്ദ്രങ്ങളും ഇന്നു മുതൽ രണ്ടാഴ്ചത്തേക്കു അടച്ചിടാൻ തീരുമാനമായിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെയും മാർക്കറ്റുകൾ തുടങ്ങിയ വാണിജ്യ മേഖലകളിലെയും റസ്റ്ററുന്റുകളിലെയും ആളുകളുടെ സാന്നിധ്യം അമ്പതു ശതമാനമാക്കാനും നിർദേശം.