ദുബായ്: എന്തു സംഭവിക്കുമെന്നത് പ്രശ്നമല്ല, എന്തുതന്നെയായാലും ചരിത്രം സൃഷ്ടിക്കും- യുഎഇയുടെ പ്രഥമ ചൊവ്വാ ദൗത്യം ലക്ഷ്യംകാണാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു.
ചൊവ്വാ ദൗത്യങ്ങളിൽ അമ്പതു ശതമാനവും പരാജയപ്പെടുകയാണുണ്ടായിട്ടുള്ളതെന്നു ചൂണ്ടിക്കാട്ടിയ അൽ മക്തൂം, ഹോപ്പ് പ്രോബിന് ചൊവ്വയിൽ പ്രവേശിക്കാനായില്ലെങ്കിൽ പോലും ചരിത്രത്തിലേക്കു കടക്കാനായെന്നു ചൂണ്ടിക്കാട്ടി. അറബ് ജനത ഏറ്റവും ഉയരത്തിലേക്കെത്തിയ സന്ദർഭമാണിതെന്നും അദ്ദേഹം.
ദൗത്യം യാഥാർഥ്യമാക്കുന്നതിനു പിന്നിൽ പ്രവർത്തിച്ച യുഎഇക്കാർക്കും അറബ്, ഇസ്‌ലാമിക രാജ്യങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. 200ലേറെ ഇമിറാത്തി എൻജിനീയർമാർ അഞ്ചുകോടി മണിക്കൂറിലേറെ ചെലവിട്ടാണ് ചൊവ്വാ ദൗത്യം നടപ്പിലാക്കിയതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ആറുവർഷം നീണ്ട പ്രയത്നത്തിനൊടുവിൽ ഏഴുമാസം മുൻപാണ് ഹോപ്പ് പ്രോബിനെ ബഹിരാകാശത്തെത്തിച്ചത്. രാഷ്ട്ര രൂപീകരണത്തിന്‍റെ സുവർണജൂബിലി വർഷത്തിൽ യുഎഇക്കിത് സ്വപ്നതുല്യനേട്ടം. ശാസ്ത്രമേഖലയിലെ അറേബ്യൻ ജനതയുടെ മുന്നേറ്റത്തിന്‍റെ പ്രതിഫലനം കൂടിയാണ് യുഎഇയുടെ ചൊവ്വാ പ്രവേശനത്തിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. ഇന്ന് വൈകിട്ട് 7.42നാണ് ഹോപ്പ് പ്രോബ് ചൊവ്വയിലേക്കു പ്രവേശിക്കുക. അറബ് ലോകത്തുനിന്ന് ചൊവ്വയിലേക്കുള്ള ആദ്യ ദൗത്യം കൂടിയാണിത്.
ചൊവ്വാഗ്രഹ പ്രവേശനത്തിന് ആശംസകളുമായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ചുവന്ന വിളിക്കുകൾ തെളിയിക്കുന്നുണ്ട്. ഖസർ അൽ വതൻ പാലസ് ചുവന്ന അലങ്കാരവിളക്കുകളാൽ പ്രഭാപൂരിതമായി. വീടുകളും സർക്കാർ സ്ഥാപനങ്ങളും ടൂറിസം കേന്ദ്രങ്ങളും ഓഫിസുകളുമെല്ലാം ചുവപ്പണിഞ്ഞിരിക്കുകയാണ്. ദൗത്യത്തിന്‍റെ തീം നിറമായ ചുവപ്പിനെ രാജ്യം ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. ബുർജ് ഖലീഫ, ബുർജ് അൽ അറബ്, ഗ്ലോബൽ വില്ലേജ്, ദുബായ് ഫ്രെയിം, പൊലീസ് ഹെഡ്ക്വാർട്ടേഴ്സ്, അബുദാബി ഖസർ അൽ വതൻ പാലസ്, ഖലീഫ യൂനിവേഴ്സിറ്റി, യാസ് ഐലൻഡ്, ശൈഖ് സായിദ് പാലം തുടങ്ങിയവയെല്ലാം ചുവപ്പുമയമാണ്. രാഷ്ട്ര നേതാക്കളുടെയും സർക്കാർ ഓഫിസുകളുടെയും പ്രൊഫൈൽ ചിത്രങ്ങളിലെല്ലാം ഹോപ്പ് മയമാണ്.
ആശംസകളുമായി ഇതര അറബ് രാജ്യങ്ങളുമുണ്ട്. ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ പ്രധാന സർക്കാർ ഓഫിസുകൾ ചുവപ്പുനിറമണിഞ്ഞ് പിന്തുണ അറിയിച്ചു. സൗദി റിയാദിലെ ടക്ഹാസുസി സ്ട്രീറ്റ്, ബഹ്റൈൻ വേൾഡ് ട്രേഡ് സെന്റർ, കുവൈത്ത് ടവർ, ഈജിപ്റ്റിലെ കെയ്റോ ടവർ, ജോർദാനിലെ റോമൻ തിയറ്റർ, ബഗ്ദാദിലെ ഇറാഖ് മ്യൂസിയം, ബഗ്ദാദ് ബാൾ തുടങ്ങിയവയെല്ലാം ചുവന്നുതുടുത്തിട്ടുണ്ട്. വിവിധ രാഷ്ട്രനേതാക്കളും ആശംസയർപ്പിച്ചു.