വിമാനവിലക്ക് ഇന്ന് രാത്രി 9 മുതൽ

ജിദ്ദ: കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് സൗദി അറേബ്യ പ്രഖ്യാപിച്ച വിലക്ക് ഇന്ന് രാത്രി ഒമ്പതുമുതൽ പ്രാബല്യത്തിൽ. അതേസമയം, നയതന്ത്ര പ്രതിനിധികൾക്കും ആരോഗ്യപ്രവർത്തകർക്കും അവരുടെ കുടുംബത്തിനും യാത്രാവിലക്കിൽ ഇളവുണ്ട്. യുഎഇ, ഈജിപ്റ്റ്, ലെബനൻ, തുർക്കി, യുഎസ്, യുകെ, ജർമനി, ഫ്രാൻസ്, ഇറ്റലി, അയർലൻഡ്, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ്, സ്വീഡൻ, ബ്രസീൽ, അർജന്‍റീന, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, പാക്കിസ്ഥാൻ, ജപ്പാൻ എന്നീ രാജ്യങ്ങളാണ് ഇന്ത്യയെക്കൂടാതെ പട്ടികയിലുള്ളത്.

സൗദിയിലെത്തുന്നതിനു മുൻപുള്ള 14 ദിവസത്തിനിടെ വിലക്കേർപ്പെടുത്തിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള ഇതര രാജ്യക്കാരെയും പ്രവേശിപ്പിക്കില്ല. സൗദിയിലേക്കു നേരിട്ടു വിമാന സർവീസില്ലാത്തതിനാൽ മിക്ക രാജ്യങ്ങളും ദുബായിലെത്തിയാണ് ഇവിടേക്കു വരാറുള്ളത്. ഇത്തരക്കാർക്കും വിലക്ക് തിരിച്ചടിയാകും.

കോവിഡ് വ്യാപനം ആഗോളതലത്തിൽ വർധിച്ചതും വൈറസിന്‍റെ വകഭേദം പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടതിന്‍റെയും പശ്ചാത്തലത്തിലാണ് യാത്രാവിലക്കേർപ്പെടുത്തിയത്. മാത്രമല്ല, പുതിയ കോവിഡ് രോഗാണുവിനെതിരേ വാക്സിൻ ഫലപ്രദമാകുന്നില്ലെന്ന വാർത്തകളും പരക്കുന്നുണ്ട്. ബ്രിട്ടൻ‌, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിലാണ് വൈറസ് വകഭേദം ആദ്യം കണ്ടെത്തിയത്. പുതിയ വൈറസിന്‍റെ വ്യാപനം രൂക്ഷമായതിനെത്തുടർന്ന് ബ്രിട്ടൻ പരിശോധനയും വർധിപ്പിച്ചിരുന്നു. ഇന്നലെ മാത്രം 80000 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ദക്ഷിണാഫ്രിക്കയിൽനിന്നുള്ള വകഭേദം ഇവിടെയും കണ്ടെത്തിയിരുന്നു. ബ്രിട്ടനിൽ കണ്ടെത്തിയ വൈറസിന്‍റെ സാന്നിധ്യം സ്വീഡനിലും രൂക്ഷമായിട്ടുണ്ട്.

സൗദി അറേബ്യയിൽനിന്നു പുറത്തേക്കും തിരിച്ചുമുള്ള വിമാനങ്ങൾ കോവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞവർഷം മാർച്ച് 14നായിരുന്നു നിർത്തലാക്കിയത്. പിന്നീട് ഇക്കഴിഞ്ഞ ജനുവരി മൂന്നുമുതൽ വ്യോമ, കര, സമുദ്ര അതിർത്തികൾ തുറക്കുകയായിരുന്നു.