റിയാദ്: ചൈനയിലേക്ക് എണ്ണ കയറ്റുമതിയില്‍ റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ ഒന്നാം സ്ഥാനത്തെത്തി. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈനയുടെ ഇറക്കുമതി 2020ല്‍ 7.3 ശതമാനം വര്‍ധിച്ചു. പ്രതിദിനം 10.85 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇറക്കുമതി ചെയ്തത്. 2019ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 1.9 ശതമാനം കൂടുതലാണിത്. സൗദിയില്‍ നിന്ന് ചൈനയിലേക്ക് വന്ന എണ്ണയുടെ കണക്ക് 84.92 ദശലക്ഷം ടണ്‍ ആണ്. രണ്ടാംസ്ഥാനത്തുള്ള റഷ്യയില്‍ നിന്ന് ചൈനയിലേക്ക് വന്നതാകട്ടെ 83.57 ദശലക്ഷം ടണ്‍ എണ്ണയും.
ഇറാനില്‍ നിന്നും വെനസ്വേലയില്‍ നിന്നും ചൈന നേരത്തെ എണ്ണ ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍ ഈ രണ്ട് രാജ്യങ്ങള്‍ക്കെതിരെയും ഡൊണാള്‍ഡ് ട്രംപ് ഉപരോധം പ്രഖ്യാപിച്ചു. ഇതോടെ ഇവരുടെ എണ്ണ വാങ്ങുന്നതിനും ഇടപാട് നടത്തുന്നതിനും തടസം നേരിട്ടു. ഈ വേളയില്‍ നേട്ടമുണ്ടാക്കിയ എണ്ണ രാജ്യം ഇറാഖാണ്. 2020ല്‍ ഇറാഖില്‍ നിന്ന് ചൈനയിലേക്കുള്ള എണ്ണ കയറ്റുമതി 16 ശതമാനത്തില്‍ നിന്ന് 60 ശതമാനമായി ഉയരുകയാണ് ചെയ്തത്. ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇറാഖ്. ബ്രസീല്‍ ആണ് നാലാമത്തെ രാജ്യം.
ലോകത്ത് എറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യം സൗദിയാണ്. ഒരു കോടി ബാരലാണ് ദിവസവും കയറ്റുമതി ചെയ്യുന്നത്. രണ്ടാം സ്ഥാനം റഷ്യയാണ് 52 ലക്ഷം ബാരല്‍. മൂന്നാം സ്ഥാനം ഇറാഖിനാണ് 38 ലക്ഷം. അമേരിക്കയാണ് നാലാം സ്ഥാനം.