മദീന ആരോഗ്യനഗരം

ജിദ്ദ: ലോകാരോഗ്യസംഘടനയുടെ ആരോഗ്യ നഗരങ്ങളുടെ ( ഹെൽത്തിയസ്റ്റ് സിറ്റി) ലിസ്റ്റിൽ സൗദിയിലെ പുണ്യ നഗരമായ മദീനയും. നഗരം സന്ദർശിച്ച ലോകാരോഗ്യ സംഘടനാ പ്രതിനിധികളുടെ റിപ്പോർട്ടിനു പിന്നാലെയാണ് പ്രഖ്യാപനം. ഡബ്ല്യുഎച്ച്ഒയുടെ ആരോഗ്യ നഗര പദ്ധതിയിൽ 20 ലക്ഷത്തിലേറെ ജനസംഖ്യയുള്ള ഏക നഗരവും മദീനയാണ്. ആരോഗ്യനഗരത്തിനുള്ള ആഗോള മാനദണ്ഡങ്ങൾ പൂർണമായും മദീനയ്ക്കുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് പദവി ലഭിച്ചത്.

ഗവൺമെന്‍റ് മേഖലയിൽനിന്നും സാമൂഹ്യ, ജീവകാരുണ്യ, സന്നദ്ധ സംഘടനകളിൽനിന്നുമുള്ള 22 ഏജൻസികൾ അക്രഡിറ്റേഷൻ ലഭിക്കുന്നതിനായി ലോകാരോഗ്യസംഘടനയെ സഹായിച്ചു. നഗരത്തിന്‍റെ ഇന്‍റഗ്രേറ്റഡ് പദ്ധതിയിൽ ത്വയ്ബ യൂനിവേഴ്സ്റ്റിയുമായി സഹകരിച്ചു പ്രവർത്തിച്ചതിന്‍റെ ഭാഗമായി ഡബ്ല്യുഎച്ച്ഒയുടെ റിവ്യൂവിന് ആവശ്യമായ ഇലക്‌ട്രോണിക് പ്ലാറ്റ് ഫോം രൂപീകരിച്ചിരുന്നു. ആരേഗ്യനഗരമായി മാറാൻ മറ്റു നഗരങ്ങളിലെ ഏജൻസികൾക്ക് ത്വയ്ബ യൂനിവേഴ്സിറ്റിയുടെ സഹായം ലഭിക്കുമെന്നും ലോകാരോഗ്യസംഘടന.

യൂനിവേഴ്സിറ്റി പ്രസിഡന്‍റ് ഡോ. അബ്ദുൾ അസീസ് അസറാണിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് 22 ഏജൻസികളിൽനിന്നുള്ള 100 പേരെ നിയന്ത്രിച്ചത്. ഭൗതികവും സാമൂഹികവുമായ അന്തരീക്ഷം നിരന്തരമായി സൃഷ്ടിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന നഗരങ്ങളെയാണ് ആരോഗ്യനഗരത്തിൽപ്പെടുത്തുന്നതെന്ന് ഡബ്ല്യുഎച്ച്ഒ. മാത്രമല്ല, ഇത്തരം സാമൂഹിക അന്തരീക്ഷത്തെ ജനങ്ങൾക്ക് പരസ്പരം സഹകരിക്കാനും അവരുടെ കഴിവുകളെ പരമാവധി ഉയർത്താനും സാധിക്കുന്ന വിധത്തിലേക്ക് വികസിപ്പിക്കണം.