ഒമാൻ അതിർത്തി ഒരാഴ്ച കൂടി അടച്ചിടും

ദുബായ്: കോവിഡ്- 19 പ്രതിരോധത്തിന്‍റെ ഭാഗമായി ഒരാഴ്ചത്തേക്കു കൂടി ഒമാൻ അതിർത്തി അടച്ചിടും. സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി അതിർത്തികൾ അടച്ചിടുന്നത് ഫെബ്രുവരി ഒന്നുവരെ നീട്ടിയതായി ദേശീയ വാർത്താ ഏജൻസി ഒഎൻഎ റിപ്പോർട്ട് ചെയ്തു. ഒമാൻ കൊറോണ വൈറസ് എമർജൻസി കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് അടച്ചിടൽ നീട്ടിയത്.

കൊറോണ വൈറസിന്‍റെ വകഭേദം കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച അതിർത്തികൾ അടച്ചിട്ടിരുന്നു. അതേസമയം, ഏതുതരം വൈറസാണ് പുതുതായി വ്യാപിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. ശാരീരിക അകലം പാലിക്കുന്നതിലും മാസ്ക് വയ്ക്കുന്നതിലും അലംബാവം കാണിക്കാതിരിക്കാനാണ് കൂടുതൽ വിവരിക്കാത്തതെന്നു കരുതുന്നു.