അബുദാബി: യുഎഇയുടെ ആദ്യ സ്വദേശി മൃഗഡോക്റ്ററായി ഫയ്സ ഫലക് നാസ് ചുമതലയേറ്റു. കുതിരകളുടെ പരിചരണ മേഖലയിലെത്തുന്ന ആദ്യ സ്വദേശി വനിതയായ ഡോ. ഫയ്സ അബുദാബി പൊലീസ് പട്രോൾ വകുപ്പിലെ ഇക്വസ്ട്രെയ്ൻ വിഭാഗത്തിലാണ് ചുമതലയേറ്റത്.
എല്ലാ മേഖലകളിലും വനിതകൾക്കു അവസരം നൽകുന്ന ഭരണാധികാരികൾക്ക് ഫയ്സ കൃതജ്ഞത രേഖപ്പെടുത്തി. യുഎഇ യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദമെടുത്തശേഷം ഹംഗറി, അയർലാൻഡ് എന്നീ രാജ്യങ്ങളിലായിരുന്നു ഫയ്സയുടെ ഉപരിപഠനം. അറബ് പൈതൃകത്തിന്റെ അടയാളമാണ് കുതിരയെന്നും അവയെ പരിപാലിക്കാൻ ലഭിച്ച അവസരം സന്തോഷത്തോടെ ഏറ്റെടുക്കുകയാണെന്നും ഫയ്സ പറഞ്ഞു.
കുതിര ഉപയോഗപ്പെടുത്തിയുള്ള സേനാ വിഭാഗത്തിന് പൊലീസ് നൽകുന്ന പ്രാധാന്യത്തെ ഫയ്സ എടുത്തു പറഞ്ഞു. കൂടുതൽ സ്വദേശി വനിതകൾ ഇത്തരം മേഖലകളിലേക്കു കടന്നു വരണമെങ്കിൽ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ശക്തമായ പിന്തുണ വേണം. മികച്ച തൊഴിൽ വിഭാഗമാണിതെന്ന ബോധവത്കരണമുണ്ടാകണമെന്നും അവർ.