വ്യോമയാന മേഖലയില്‍ പതിനായിരം തൊഴിലവസരം സൗദികള്‍ക്ക്

ദമ്മാം : സ്വദേശീ വൽക്കരണം  വ്യോമയാന മേഖലയിൽ കൂടി  നടപ്പാക്കാൻ ഒരുങ്ങി സൗദി. സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി (GACA)ആണ് വ്യോമയാന മേഖലയിൽ സ്വദേശികളെ നിയമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുള്ളത്. വരും വർഷങ്ങളിൽ പതിനായിരം തൊഴിൽ അവസരങ്ങൾ സ്വദേശികൾക്കായി നീക്കി വെക്കാനാണ് ആലോചന.

വ്യോമയാന മേഖലയിലെ 28 വിഭാഗങ്ങൾ പൂർണ്ണമായും സ്വദേശി വൽക്കരിക്കാനാണ് തീരുമാനം. 2023 ഓടെ  ഇത്‌ പൂർണ്ണമാകും.സിവിൽ ഏവിയേഷൻ അതോറിറ്റിയും മനുഷ്യ വിഭവ ശേഷി മന്ത്രാലയവും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

പൈലറ്റ്, കോപൈലറ്റ്, റൺവെ – ഗ്രൗണ്ട് സർവീസ് കോർഡിനേറ്റേഴ്‌സ്, ഫ്ലൈറ്റ് ഡയറക്റ്റേഴ്സ്, ഫ്ലൈറ്റ് അറ്റൻഡേഴ്സ്, എയർ ക്രാഫട് കൺട്രോളേഴ്‌സ്, സൂപ്പെർ വൈസേഴ്സ്, സാങ്കേതിക വിഭാഗം ജീവനക്കാർ, കാറ്റ്ററിംഗ് മേഖലയുമായി ബന്ധപ്പെട്ടവർ, കാർഗോയുമായി ബന്ധ പ്പെട്ട ജീവനക്കാർ എന്നീ തസ്തികളിലേക്ക് ആണ് സ്വദേശി വൽക്കരണം നടപ്പാക്കുന്നത്.

സ്വദേശി തൊഴിൽ ഇല്ലായ്മ നിരക്ക് 7ശതമാനം ആണെന്നും വിഷൻ 2030 ന്റെ ഭാഗമായാണ് പുതിയ നടപടി എന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു.

ഇത്‌ സംബന്ധിച്ച് എല്ലാ എയർ ലൈൻസ് കമ്പനികളുമായും ഓപ്പറേഷൻ കോൺട്രാക്റ്റേഴ്സ് മായും ചർച്ച നടത്തി വരുകയാണെന്നും അറിയിപ്പിൽ പറയുന്നു. ഇതിനായി അതോറിറ്റി ഒരു ടീമിനെ നിയമിച്ചതായും സ്വദേശി നിയമനവും ആയുള്ള കാര്യങ്ങൾ മാസാ മാസം അതോറിറ്റിയെ അറിയിക്കണം എന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട കോഴ്സ്കളിൽ സൗദിയുവതക്ക് പരിശീലനം നൽകുന്നതിനായി സൗദി എറോസ്പേസ് എഞ്ചിനീയറിംഗ് ഇൻഡസ്ട്രീസും പ്രിൻസ് സുൽത്താൻ ഏവിയേഷൻ ആക്കാദമിയും ചേർന്ന് അമേരിക്കൻ ആസ്ഥാനമായ സ്പാർട്ടൻ കോളേജ് ഓഫ് എയറോനോട്ടിക് ആൻഡ് ടെക്നോളജിയുമായി കരാറിൽ ഒപ്പിട്ടതായും അതോറിറ്റി യുടെ അറിയിപ്പിൽ പറയുന്നു.