ലൈസൻസില്ലാതെ വാഹനമോടിച്ചാൽ 3 വർഷം വരെ തടവും 50,000 റിയാൽ പിഴയും

ദോഹ: ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്കെതിരേ ശിക്ഷാ നടപടികൾ വർധിപ്പിച്ച് ഖത്തർ. പ്രത്യേക വിഭാഗം വാഹനങ്ങൾ അതിനു വേണ്ട ലൈസൻസ് ഇല്ലാതെ ഓടിച്ചാലും മറ്റു ഗതാഗതലംഘനങ്ങൾക്കും ശിക്ഷ കൂട്ടിയിട്ടുണ്ട്. ഒരു മാസം മുതൽ മൂന്നുവർഷം വരെ തടവും 10000 മുതൽ 50000 വരെ റിയാൽ പിഴയുമാണ് ഇത്തരം കേസുകൾക്കു ശിക്ഷയായി നൽകുക. ലംഘനം ആവർത്തിച്ചാൽ ഒരാഴ്ച മുതൽ മൂന്നാഴ്ച വരെ തടവും 20000 റിയാൽ മുതൽ 50000 വരെ പിഴയും നൽകേണ്ടി വരും.

ഗതാഗത നിയമങ്ങളെക്കുറിച്ച് പബ്ലിക്ക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച വെർച്ച്വൽ ബോധവത്കരണ സെമിനാറിലാണ് ശിക്ഷാ നടപടികളെക്കുറിച്ച് വിശദീകരിച്ചത്. ഗതാഗത സൈൻ ബോർഡുകൾ നശിപ്പിക്കുക, മറ്റു സ്ഥലങ്ങളിലേക്കു മാറ്റി സ്ഥാപിക്കുക, ബോർഡിൽ എഴുതിയ വിവരങ്ങൾ തിരുത്തുക തുടങ്ങിയ കുറ്റങ്ങൾക്കും കടുത്ത ശിക്ഷയായിരിക്കും. വാഹനത്തിന്‍റെ പെർമിറ്റ് പുതുക്കാതിരിക്കുക, രജിസ്റ്റർ ചെയ്യാതെ ഓടിക്കുക തുടങ്ങിയ ശിക്ഷകൾ ഒത്തുതീർപ്പിനു വിധേയമാണ്. പരമാവധി മൂവായിരം റിയാൽ വരെയാണ് ഇത്തരം കേസുകളിൽ പിഴ. എതിർവശത്തേക്ക് വാഹനമോടിച്ചാൽ 6000 റിയാലാണ് പിഴ.

ഗതാഗത തടസമുണ്ടാക്കി വാഹനമോടിച്ചാൽ 300 റിയാൽ, അനുവദനീയമല്ലാത്ത പാതകളിൽ ടിപ്പറുകൾ, ബുൾഡോസറുകൾ എന്നിവ ഓടിച്ചാൽ 3000 റിയാൽ മുൻകരുതലില്ലാതെ റോഡ് മുറിച്ചു കടക്കുന്ന കാൽനടയാത്രക്കാർക്ക് 200 റിയാൽ എന്നിങ്ങനെയാണ് പിഴ.