അമേരിക്കയുടെ തന്ത്രം പാളി; സ്വതന്ത്ര പലസ്തീനുവേണ്ടി നീക്കം ശക്തമാക്കി സൗദി

റിയാദ്: യു.എ.ഇ- ഇസ്രായേല്‍ സഖ്യം സാധ്യമായതോടെ സൗദി അറേബ്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം അരക്കെട്ടുറപ്പിക്കാന്‍ അമേരിക്ക നടത്തിയ എല്ലാ ശ്രമങ്ങളും പാളി. ഇസ്രായേലുമായി യാതൊരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി സൗദി. മാത്രമല്ല, ഇസ്രായേല്‍ വെസ്റ്റ് ബാങ്കില്‍ നടത്തുന്ന അധിനിവേശങ്ങള്‍ക്കെതിരേ പരസ്യമായി രംഗത്തുവന്നിരിക്കുകയാണ് സൗദി. ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും ആശയ വിനിമയവും സൗദി അറേബ്യ വിച്ഛേദിച്ചതായും റിപ്പോര്‍ട്ടുണ്ട്.

രണ്ടു മാസമായി ഇസ്രായേലുമായും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ഒരു തരത്തിലുള്ള ബന്ധവും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ വച്ചുപുലര്‍ത്തുന്നില്ല എന്നാണ് ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈലാഫ് ഓണ്‍ലൈന്‍ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുതിര്‍ന്ന ഇസ്രായേല്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.

രണ്ടു മാസമായി ഇസ്രായേലുമായുള്ള ബന്ധം പൂര്‍ണമായി വിച്ഛേദിച്ചതിനെ തുടര്‍ന്ന് വിഷയത്തില്‍ മധ്യസ്ഥ ശ്രമവുമായി അമേരിക്കയും രംഗത്തെത്തിയിരുന്നതായി ഈലാഫ് പറയുന്നു. എന്നാല്‍, ഇതിനോട് അനുകൂലമായി പ്രതികരിക്കാന്‍ സൗദി തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. അടുത്തകാലത്തൊന്നും ഇസ്രായേല്‍ – സൗദി ബന്ധം പൂര്‍വ സ്ഥിതിയിലേക്ക് വരാനിടയില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

യുഎഇയും ബഹ്റൈനും ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച പശ്ചാത്തലത്തില്‍ സൗദിയും ആ പാത പിന്തുടരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പുതിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. കിഴക്കന്‍ ജെറൂസലേം തലസ്ഥാനമായി 1967ലെ അതിര്‍ത്തികളുടെ അടിസ്ഥാനത്തിലുള്ള സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്ന ആവശ്യവുമായി സൗദി രംഗത്തുവരികയായിരുന്നു.

യു.എ.ഇ അടക്കമുള്ള ജി.സി.സി രാജ്യങ്ങളെടുത്ത ഇസ്രായേല്‍ അനുകൂല നിലപാടിന് വിരുദ്ധമായിട്ടായിരുന്നു പുതിയ സൗദി നിലപാട്. നേരത്തേ ജെറൂസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ സൗദി അനുകൂലിച്ചിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ അതിനു വിരുദ്ധമായ നിലപാടാണ് സൗദി സ്വീകരിച്ചത്.