ഡമസ്കസ്: സിറിയയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം. കിഴക്കന്‍ സിറിയയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ഏഴു സൈനികരുടെയും 16 പോരാളികളുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 2018നു ശേഷം ആദ്യമായാണ് രാജ്യത്തിനു മേല്‍ ഇത്ര ഭീതിദമായി ഇസ്രായേല്‍ തീ തുപ്പുന്നത്.
ദെയ്ര് അല്‍സൂര്‍ മുതല്‍ ബൂകമാല് മരുഭൂമി വരെ നീണ്ടുനില്‍ക്കുന്ന നിരവധി പ്രദേശത്തായി 18 ആക്രമണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഹിസ്ബുല്ല, ഇറാന്- അഫ്ഗാന് വംശജരായ പോരാളികള്‍ എന്നിവരുടെ സാന്നിധ്യമുള്ള മേഖലകളിലാണ് ആക്രമണമുണ്ടായത്. സൈനികരും മിലീഷ്യകളുമായി 28 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിെന്റ സഹായത്തോടെയാണ് ആക്രമണമുണ്ടായതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സിറിയയിലെ നിരവധി വെയര്‍ഹൗസുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. സിറിയയിലെ ഇറാന് സംഭരണ കേന്ദ്രത്തെ ലക്ഷ്യമിട്ടെന്നാണ് വിശദീകരണം. എന്നാല്‍, ഇസ്രായേല്‍ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് സിറിയയില്‍ ഇസ്രായേല്‍ ആക്രമണം നടത്തുന്നത്. ഇറാനെ സിറിയയുമായും ഇറാഖുമായും ബന്ധപ്പെടുത്തുന്ന ഇടനാഴിയായാണ് മേഖല അറിയപ്പെടുന്നത്.
2020ല്‍ മാരതം മേഖലയിലെ 50 ഇടത്താണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. 2011ല്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചശേഷം ഇത് നൂറുകണക്കിന് വരും.