മക്കയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണപ്പെട്ടു

മക്ക: മക്കയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തലശ്ശേരി മുഴപ്പിലങ്ങാട് സ്വദേശി കാട്ടില്‍ പീടിക നൗഷാദ് (45) ആണ് മരിച്ചത്. ബത്ത ഖുറൈശിലുണ്ടായ കാറപകടത്തിലാണ് മരണം. പതിനാറ് വര്‍ഷമായി ഹറമിനു സമീപം ഹോട്ടലില്‍ ജോലി ചെയ്‌തു വരുന്ന ഇദ്ദേഹം കൊവിഡ് വ്യാപനത്തിനു മുമ്ബാണ് ഏറ്റവും ഒടുവില്‍ നാട്ടില്‍ പോയി വന്നത്. മൃതദേഹം നൂര്‍ ഹോസ്പിറ്റലിലാണ്. സഹോദരന്‍ നൗഫല്‍ മക്കയിലുണ്ട്.

പരേതനായ ഹുസൈന്‍-ഖദീജ ദമ്ബതികളുടെ മകനാണ്. റജീനയാണ് ഭാര്യ, നജ്‌വാന്‍, മുഹമ്മദ് റാജിഅ്, ഫാത്വിമ എന്നിവര്‍ മക്കളാണ്. നിയാസ് (മസ്‌കറ്റ്),നവാബ്, നസീമ, നദീറ എന്നിവരാണ് മറ്റു സഹോദരങ്ങള്‍. മയ്യിത്ത് ഇവിട തന്നെ മറവു ചെയ്യാനാണ് തീരുമാനം. തുടര്‍ നടപടികള്‍ക്ക് സഹോദരന്‍ നൗഫലിനെ സഹായിക്കാന്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.