നൂറോളം ഇമാമുമാരെ സൗദിയില്‍ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്

ഈജിപ്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം ബ്രദര്‍ഹുഡിനെ അപലപിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് നൂറിലേറെ ഇമാമുമാരെയും മതപ്രബോധകരെയും സൗദി ഭരണകൂടം പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. മക്ക, അല്‍ ഖാസിം പ്രദേശങ്ങളിലെ പള്ളികളിലുള്ള ഇമാമുമാരെയും മതപ്രഭാഷകരെയുമാണ് ഇസ്ലാമിക കാര്യ മന്ത്രാലയം പിരിച്ചുവിട്ടതെന്ന് അല്‍ വത്വന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്ചയിലെ ജുമുഅ പ്രസംഗത്തില്‍ മുസ്ലിം ബ്രദര്‍ഹുഡിനെ വിമര്‍ശിക്കാനും അവര്‍ സമൂഹത്തില്‍ ഭിന്നതയ്ക്കും ഭിന്നിപ്പിനും കാരണമായെന്ന് കുറ്റപ്പെടുത്താനും ഇസ്ലാമിക് അഫയേഴ്സ്, ദഅ്വ, ഗൈഡന്‍സ് മന്ത്രാലയം എല്ലാ ഇമാമുകള്‍ക്കും പ്രഭാഷകര്‍ക്കും നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.

മുസ്ലിം ബ്രദര്‍ഹുഡ് ഭീകരവാദ പ്രസ്ഥാനമാണെന്നും അത് ഇസ്ലാമിക മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്നില്ലെന്നും നേരത്തേ സൗദിയിലെ പണ്ഡിത സഭയായ സൗദി കൗണ്‍സില്‍ ഓഫ് സീനിയര്‍ സ്‌കോളേഴ്സ് പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഇതിനെ പിന്തുണച്ച് സംസാരിക്കാനായിരുന്നു ഇമാമുമാര്‍ക്കുള്ള നിര്‍ദ്ദേശം. രാജ്യത്തെ മിക്ക ഇമാമുമാരും നിര്‍ദ്ദേശം അനുസരിച്ച് മുസ്ലിം ബ്രദര്‍ഹുഡിനെ വിമര്‍ശിച്ചപ്പോള്‍, 100ലേറെ ഇമാമുമാര്‍ അതിന് വിസമ്മതിക്കുകയായിരുന്നു. 2014ല്‍ സൗദി അറേബ്യ മുസ്ലിം ബ്രദര്‍ഹുഡിനെ കരിമ്പട്ടികയില്‍ പെടുത്തുകയും രാജ്യത്ത് നിരോധിക്കുകയും ചെയ്തിരുന്നു. 1950കളില്‍ ഈജിപ്ത്, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ ഭീകരമായ ഭരണകൂട അടിച്ചമര്‍ത്തലുകള്‍ അഭിമുഖീകരിച്ച ആയിരക്കണക്കിന് ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്ക് സൗദി അറേബ്യ അഭയം നല്‍കിയിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് രാജ്യത്ത് ഇവര്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ തുടങ്ങിയതോടെ ബ്രദര്‍ഹുഡ് ഭരണകൂടത്തിന്റെ ശത്രുപട്ടികയില്‍ ഇടം നേടുകയായിരുന്നു. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തെ പിന്തുണച്ച സൗദി നടപടിക്കെതിരേ ബ്രദര്‍ഹുഡ് ശക്തമായി പ്രതികരിച്ചതും ഭരണകൂടത്തെ ചൊടിപ്പിച്ചു. അറബ് വസന്തത്തിലൂടെ അധികാരത്തിലെത്തിയ ബ്രദര്‍ഹുഡിന്റെ നേതൃത്വത്തിലുള്ള മുഹമ്മദ് മുര്‍സി സര്‍ക്കാരിനെ പട്ടാള അട്ടിമിറിയിലൂടെ അബ്ദുല്‍ ഫത്താഹ് അല്‍സീസി പുറത്താക്കിയത് സൗദി പിന്തുണയോടെയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.