റിയാദ്: 2030ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യമരുളാന്‍ സൗദി അറേബ്യയ്ക്ക് സാധ്യതയേറി. ഈ മാസം 16ന് ചേരുന്ന ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ ജനറല്‍ അസംബ്ലി യോഗത്തിലാണ് നിര്‍ണായകമായ തീരുമാനമുണ്ടാകുന്നത്. ഖത്തറും ഏഷ്യന്‍ ഗെയിംസിനായി മുന്നിലുണ്ട്.
ഒമാന്റെ തലസ്ഥാനമായ മസ്ക്കറ്റിലാണ് ജനറല്‍ അസംബ്ലി ചേരുന്നത്. സൗദിയുടെ ഏറെക്കാലത്തെ ആഗ്രഹവും 2030 മിഷന്റെ ലക്ഷ്യവുമാണ് ഏഷ്യന്‍ ഗെയിംസിന്റെ ആതിഥ്യമരുളുക എന്നത്.
ഈ മാസം അഞ്ചിന് സ്പോര്‍ട്സ് വകുപ്പ് മന്ത്രി പ്രിന്‍സ് അബ്ദുല്‍അസിസ് ബിന്‍ തുര്‍കി അല്‍ ഫൈസലിന്റെ നേതൃത്വത്തില്‍ ഏഷ്യന്‍ ഗെയിംസ് റിയാദ്-2030 എന്ന ക്യാമ്പയിന് ആരംഭിച്ചിട്ടുണ്ട്. സൗദി നേരത്തെ തന്നെ നിരവധി അന്താരാഷ്ട്ര സ്പോര്‍ട്സ് ഇവന്റുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഏഷ്യന്‍ രാജ്യങ്ങളുടെ പിന്തുണ ഇത്തവണ സൗദിക്കാണ്.
അതേസമയം ഖത്തറും ആവേശത്തോടെ മത്സരത്തിലാണ്. 2030ലെ ഏഷ്യന്‍ ഗെയിംസ് ഖത്തറില്‍ നടത്താനായി സമര്‍പ്പിച്ച ബിഡിന് പിന്തുണയുമായി പ്രത്യേക സംഘം ഒമാനിലെത്തി. അത്ലറ്റുകള്, സ്പോര്‍ട്സ് രംഗത്തെ പ്രമുഖര്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ ഉന്നത സംഘമാണ് കഴിഞ്ഞ ദിവസം ഒമാനില്‍ എത്തിയത്. ഡിസംബര്‍ 16ന് മസ്ക്കത്തില്‍ ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ ജനറല്‍ അസംബ്ലി നടക്കുന്നുണ്ട്. 2006ല്‍ ഏഷ്യന്‍ ഗെയിംസ് നടത്തിയത് ദോഹയില്‍ ആയിരുന്നു.
ഖത്തറിന്റെ ബിഡിന് പിന്തുണ തേടുകയാണ് ലക്ഷ്യമെന്നും ഒമാനിലെത്തിയ ഖത്തര്‍ സംഘത്തിലെ ഉന്നതന് പ്രതികരിച്ചു. 2030 ഏഷ്യന്‍ ഗെയിംസ് നടത്താനായി അപേക്ഷ നല്കി കാത്തിരിക്കുന്ന ഖത്തറിന്റെ ഒരുക്കങ്ങളില്‍ ഏഷ്യന്‍ ഒളിമ്പിക് കമ്മിറ്റി പരിശോധന സമിതി ഈയടുത്ത് സംതൃപ്തി രേഖെപ്പടുത്തിയിരുന്നു. സുസ്ഥിരതയും നിശ്ചയദാര്‍ഢ്യവും മികവും സംയോജിപ്പിച്ച് കൊണ്ടുള്ള ഏഷ്യന്‍ ഗെയിംസിനാണ് ഖത്തര്‍ തയാറെടുക്കുന്നതെന്ന് ദോഹ ഏഷ്യന്‍ ഗെയിംസ് 2030 ബിഡ് കമ്മിറ്റിയും പറയുന്നു. ആതിഥേയത്വത്തിനായി ഏഷ്യന്‍ ഒളിംപിക്സ് കൗണ്‍സിലിന് മുമ്പില്‍ ഖത്തര്‍ കാന്‍ഡിഡേറ്റ് ഫയല്‍ ഇതിനകം സമര്‍പ്പിച്ചിട്ടുണ്ട്.
രണ്ടു ദിവസം നീണ്ടുനിന്ന പരിശോധനസമിതിയുടെ സന്ദര്‍ശനത്തില്‍ ദോഹയുടെ അടിസ്ഥാന സൗകര്യങ്ങളും ബിഡ് കമ്മിറ്റിയുടെ ആസൂത്രണ പദ്ധതികളും സമിതി വിലയിരുത്തിയിരുന്നു.
കായിക മേഖലയില്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായ തലസ്ഥാനമാണ് ദോഹയെന്നും 2022ലെ ലോകകപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിനായുള്ള തയാറെടുപ്പിലാണ് രാജ്യമെന്നും ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റും ദോഹ 2030 പ്രസിഡന്റുമായ ശൈഖ് ജൂആന്‍ ബിന്‍ ഹമദ് ആല്‍ഥാനി നേരത്തേ വ്യക്തമാക്കിയിരുന്നു.