ജിസിസി ഉച്ചകോടി റിയാദില്‍

റിയാദ്: ഈ വര്‍ഷത്തെ ജിസിസി വാര്‍ഷിക ഉച്ചകോടി സൗദി അറേബ്യയിലാണ് നടക്കുക എന്ന് റിപ്പോര്‍ട്ട്. ബഹ്‌റൈനില്‍ നടക്കുമെന്ന് കരുതിയ ഉച്ചകോടിയാണ് സൗദിയില്‍ നടക്കുമെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഖത്തര്‍ ഉപരോധം സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം ജനുവരി അഞ്ചിന് നടക്കുന്ന ഉച്ചകോടിയിയലുണ്ടാകുമെന്നാണ് വിവരം. സൗദി തലസ്ഥാനമായ റിയാദിലാകും ഉച്ചകോടി എന്ന് കുവൈത്ത് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ജിസിസി രാജ്യങ്ങളിലെ എല്ലാ മേധാവികളും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി എത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക ഉച്ചകോടി സൗദിയിലായിരുന്നു. ഖത്തര്‍ അമീര്‍ എത്തിയിരുന്നില്ല. പകരം ഖത്തര്‍ പ്രധാനമന്ത്രിയാണ് എത്തിയത്. ഉപരോധം പരിഹരിക്കാന്‍ കുവൈത്തിന്റെയും അമേരിക്കയുടെയും മധ്യസ്ഥ ശ്രമങ്ങള്‍ ഫലം കണ്ടുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അതുകൊണ്ടുതന്നെ ഖത്തര്‍ ഉപരോധം അവസാനിക്കാനുള്ള സാധ്യതയും ഏറിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ജിസിസി ഉച്ചകോടി സൗദിയിലേക്ക് മാറ്റിയതെന്നും സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉച്ചകോടിയില്‍ ഉണ്ടായേക്കാമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകരാജ്യങ്ങളുടെ സംഗമമെല്ലാം വെല്‍ച്വല്‍ മീറ്റിങ് ആയിട്ടാണ് ഇപ്പോള്‍ നടന്നുവരുന്നത്. അടുത്തിടെ ജി 20 ഉച്ചകോടി സൗദിയില്‍ നടന്നതും ഓണ്‍ലൈന്‍ വഴിയായിരുന്നു. എന്നാല്‍ ജിസിസി ഉച്ചകോടിയില്‍ നേതാക്കള്‍ നേരിട്ട് പങ്കെടുക്കുമെന്നാണ് വിവരം. ആറ് രാജ്യങ്ങളാണ് ജിസിസിയിലുള്ളത്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളാണ് അംഗങ്ങള്‍. ഉച്ചകോടിയിലെ പ്രധാന ചര്‍ച്ച ഖത്തര്‍ ഉപരോധമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശ പ്രകാരം പ്രത്യേക ചര്‍ച്ചകള്‍ നടന്നുവരികയാണ്. ട്രംപ് ജനുവരി 20നാണ് അധികാരമൊഴിയുന്നത്. അതിന് മുന്നോടിയായി ഖത്തര്‍ ഉപരോധം അവസാനിക്കുമെന്നാണ് വാര്‍ത്തകള്‍. ഈ സാഹചര്യത്തിലാണ് ജിസിസി ഉച്ചകോടി പ്രധാന്യമര്‍ഹിക്കുന്നത്.

എല്ലാ രാഷ്ട്ര തലവന്‍മാരും ഉച്ചകോടിയില്‍ പങ്കെടുത്താല്‍ തന്നെ അത് പാതി വിജയിച്ചു എന്ന് പറയാം. 2017ന് ശേഷം ഖത്തര്‍ അമീര്‍ ജിസിസി ഉച്ചകോടിയില്‍ പങ്കെടുത്തിട്ടില്ല.പ്രതിനിധികളെ അയക്കുകയാണ് പതിവ്. ഇത്തവണ അദ്ദേഹം നേരിട്ട് എത്തുമെന്നാണ് സൂചനകള്‍. 2017 ജൂണിലാണ് ഖത്തറിനെതിരെ സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ചത്. യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നിവരാണ് സൗദിക്ക് പുറമെ ഉപരോധ പ്രഖ്യാപിച്ച രാജ്യങ്ങള്‍.