നികുതി വെട്ടിപ്പും ക്രമക്കേടും; സൗദിയില്‍ 30437 വ്യാപാരികള്‍ക്ക് പിഴ

റിയാദ്: സൗദി അറേബ്യയില്‍ നികുതി ഏര്‍പ്പെടുത്തി മൂന്നു വര്‍ഷങ്ങളേ ആയിട്ടുള്ളൂവെങ്കിലും നികുതി വെട്ടിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു. ഈ വര്‍ഷം ഇതുവരെ 30,437 നികുതി നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി സക്കാത്ത്, നികുതി അതോറിറ്റി വെളിപ്പെടുത്തി.
2018 ജനുവരി ഒന്നു മുതലാണ് സൗദിയില്‍ അഞ്ച് ശതമാനം വാറ്റ് നടപ്പാക്കിത്തുടങ്ങിയത്. 2019ല്‍ 3200 നികുതി വെട്ടിച്ച കേസ് കണ്ടെത്തിയെങ്കില്‍ ഈ വര്‍ഷം പത്തിരട്ടിയോളം വര്‍ധിച്ചു. അതേസമയം നികുതി വെട്ടിക്കുന്നവര്‍ക്ക് പതിനായിരം മുതല്‍ ഒരു ലക്ഷം റിയാല്‍ വരെയാണ് പിഴ. നിയമാനുസൃതം ഒഴിവാക്കപ്പെട്ടതല്ലാത്ത മുഴുവന്‍ ഉല്‍പന്നങ്ങള്‍ക്കും നികുതി ബാധകമാണ്. മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ പോലുള്ള ചില ഉല്‍പന്നങ്ങളെയാണ് നികുതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. മൈദ, ബേക്കറി ഉല്‍പന്നങ്ങള്‍ പോലുള്ള ഉല്‍പന്നങ്ങള്‍ക്ക് മൂല്യവര്‍ധിത നികുതി ഈടാക്കാന്‍ സ്ഥാപന ഉടമകള്‍ക്കും കമ്പനികള്‍ക്കും അവകാശമില്ല എന്ന നിലക്ക് ഉപയോക്താക്കള്‍ക്കിടയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ല.
ഉല്പന്നത്തിനൊപ്പം നികുതി വില ബാധകമാക്കിയ ശേഷം കടയുടമ വീണ്ടും നികുതി വാങ്ങുന്നതും പിഴ ലഭിക്കുന്ന കുറ്റമാണ്. ഉപഭോക്താവ് ഇങ്ങനെ വരുമ്പോള്‍ നൂറ് റിയാല്‍ സാധനം വാങ്ങുമ്പോള്‍ 30 റിയാല്‍ അധികമായി നല്‍കേണ്ടിവരുന്നു.
ഒരു ഉല്‍പന്നത്തിന് രണ്ടു തവണ നികുതി ഈടാക്കി ഉപയോക്താക്കളെ ചൂഷണം ചെയ്യുന്ന ഇത്തരം പ്രവണതകള്‍ നിയമ ലംഘനമാണ്. മൂല്യവര്‍ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ നികുതി ഈടാക്കുന്നതും നിയമ വിരുദ്ധമായ നികുതി ഇന്‍വോയ്സുകള്‍ ഇഷ്യൂ ചെയ്യുന്നതും നിശ്ചിത ശതമാനത്തില്‍ കൂടുതല്‍ നികുതി ഈടാക്കുന്നതും നിയമ ലംഘനങ്ങളാണ്. ഇത്തരം നിയമ ലംഘനങ്ങളെ കുറിച്ച് ഉപയോക്താക്കള്‍ സക്കാത്ത്, നികുതി അതോറിറ്റിക്ക് പരാതികള്‍ നല്‍കണം. പരാതികള്‍ ഇരുപത്തിനാലു മണിക്കൂറും സ്വീകരിക്കുമെന്നും ഇവ തീര്‍ത്തും രഹസ്യമായി കൈകാര്യം ചെയ്യുമെന്നും സക്കാത്ത്, നികുതി അതോറിറ്റി പറഞ്ഞു.
കഴിഞ്ഞയാഴ്ച രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ സക്കാത്ത്, നികുതി അതോറിറ്റി നടത്തിയ പരിശോധനകളില്‍ 510 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. ഒരാഴ്ചക്കിടെ 3,616 സ്ഥാപനങ്ങളിലാണ് അതോറിറ്റി സംഘങ്ങള്‍ പരിശോധനകള്‍ നടത്തിയത്. ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍, റെസ്റ്റോറന്റുകള്‍, വര്‍ക്ക്ഷോപ്പുകള്‍ എന്നീ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകള്‍ക്കിടെ നികുതി ഇന്‍വോയ്സുകളും രേഖകളും സൂക്ഷിക്കാതിരിക്കല്‍, ഉപയോക്താക്കളില്‍ നിന്ന് നികുതി ഈടാക്കാതിരിക്കല്‍, പുകയില ഉല്‍പന്നങ്ങളില്‍ നികുതി സീല്‍ ഇല്ലാതിരിക്കല്‍ എന്നീ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞയാഴ്ച ഉപയോക്താക്കളില്‍ നിന്ന് 293 പരാതികളാണ് അതോറിറ്റിക്ക് ലഭിച്ചത്.