മരുഭൂമില് നിന്നും ശേഖരിച്ച വിറകുകള്‍ വില്ക്കാന് ശ്രമിച്ച ഇന്ത്യക്കാരടക്കം 69 പേരെ സൗദിയില്‍ അറസ്റ്റ് ചെയ്തു. പരിസ്ഥിതി നിയമം കര്‍ശനമാക്കിയതിന് പിന്നാലെയാണ് അറസ്റ്റ്. വിറക് ലോഡുകള്‍ വഹിച്ച 188 വാഹനങ്ങളും പിടിച്ചെടുത്തു. രാജ്യത്ത് മരങ്ങള്‍ മുറിക്കുന്നതും വില്‍ക്കുന്നതും പുതിയ നിയമപ്രകാരം കുറ്റകരമാണ്.
തണുപ്പു കാലമായതോടെയാണ് തീ കായാനുള്ള വിറക് വില്പന സജീവമായത്. രാജ്യത്ത് പരിഷ്കരിച്ച പരിസ്ഥിതി നിയമം പ്രകാരം മരങ്ങള്‍ മുറിക്കുന്നതും വിറകു കടത്തുന്നതും കുറ്റകരമാണ്. മരങ്ങള്‍ രാജ്യത്തുടനീളം വെച്ചുപിടിപ്പിക്കുന്ന നടപടികളും പുരോഗമിക്കുന്നുണ്ട്. ഇതിനിടയിലാണ് പരിസ്ഥിതി സുരക്ഷാ വിഭാഗം പരിശോധന ശക്തമാക്കിയത്. കഴിഞ്ഞ ദിവസം ആറ് ഇന്ത്യക്കാരടക്കം 32 വിദേശികളാണ് അറസ്റ്റിലായത്. 37 സ്വദേശികളേയും അറസ്റ്റ് ചെയ്തു.
റിയാദ്, മക്ക, മദീന, അല്‍ഖസീം, കിഴക്കന്‍ പ്രവിശ്യ, അല്‍ജൗഫ്, വടക്കന്‍ മേഖല, തബൂക്ക് എന്നീ മേഖലയിലാണ് നിയമലംഘനം കണ്ടെത്തിയത്. പുതിയ നിയമ പ്രകാരം വിറകു കടത്തിന് ഏറ്റവും കുറഞ്ഞ പിഴ പതിനായിരം റിയാലാണ്. മരം വെട്ടിയതായി കണ്ടെത്തിയാല്‍ 50000 വരെ പിഴ ലഭിക്കും. പാര്‍ക്കുകളിലും തുറന്ന പ്രദേശങ്ങളിലുമുള്ള മരം നശിപ്പിച്ചാലും സമാനമാണ് ശിക്ഷ. തീ കായാന്‍ നിലത്ത് നേരിട്ട് തീയിടുന്നതും വിലക്കിയിട്ടുണ്ട്.