മക്ക: വിശുദ്ധ ഹറമിലുണ്ടായ ക്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട കേസിലെ 13 പ്രതികളെയും മക്ക ക്രിമിനൽ കോടതി കുറ്റവിമുക്തരാക്കി. കേസിൽ ഇന്നലെയാണ് കോടതി പുതിയ വിധിപ്രസ്താവം നടത്തിയത്. സൗദി ബിൻ ലാദിൻ ഗ്രൂപ്പ് ഉൾപ്പെടെ 13 പ്രതികളെയും കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു. 2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അപകടം നടന്ന ദിവസവും തലേദിവസവും കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് പുറത്തിറക്കിയ, ചെങ്കടലിലെ കാറ്റിന്റെ വേഗവുമായി ബന്ധപ്പെട്ട കാലാവസ്ഥാ റിപ്പോർട്ടുകളിൽ മുൻകരുതലുകളും ജാഗ്രതകളും സ്വീകരിക്കൽ നിർബന്ധമാക്കുന്ന നിലക്ക് കൊടുങ്കാറ്റുകളുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നില്ല. ചെങ്കടലിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ ഒരു കിലോമീറ്റർ മുതൽ 38 കിലോമീറ്റർ വരെ മാത്രമാകുമെന്നാണ് കാലാവസ്ഥാ പ്രവചന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. ഇത്തരമൊരു ദുരന്തമുണ്ടായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നില്ല. സംഭവ ദിവസം മക്കയിലുണ്ടായത് ദൈവീക വിപത്തായി കണക്കാക്കാവുന്നതാണ്. ഇത്തരം സംഭവങ്ങളിൽ മുൻകൂട്ടി ജാഗ്രത പാലിക്കൽ -അസാധ്യമല്ലെങ്കിലും- ദുഷ്കരമാണെന്നും വിധിപ്രസ്താവത്തിൽ കോടതി പറഞ്ഞു. സൂക്ഷ്മ പരിശോധനക്കായി വിധി പ്രസ്താവം അപ്പീൽ കോടതിക്ക് സമർപ്പിക്കും.
ദുരന്തത്തിൽ മലയാളി ഹജ് തീർഥാടകർ അടക്കം 110 പേർ മരിക്കു കയും 238 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കും സ്ഥിരവൈകല്യം സംഭവിച്ചവർക്കും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പത്തു ലക്ഷം റിയാൽ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവർക്ക് അഞ്ചു ലക്ഷം റിയാൽ വീതവും ധനസഹായം നൽകി.