തൊഴിലന്വേഷകര്‍ സന്ദര്‍ശക വിസയില്‍ എത്തേണ്ടതില്ലെന്ന് യുഎഇ കോണ്‍സുലേറ്റ്

ദുബായ്: ഇന്ത്യ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ കോണ്‍സുലേറ്റ്. വിസാചട്ടങ്ങള്‍ കര്‍ശനമാക്കിയതോടെ തൊഴിലന്വേഷകര്‍ സന്ദര്‍ശക വിസയില്‍ എത്തേണ്ടതില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വിമാനത്താവളത്തിലെത്തിയ നൂറുകണക്കിന് പേര്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചതിന് പിന്നാലെയാണ് പുതിയ അറിയിപ്പ്.

ചൊവ്വാഴ്ച 1373 പാക്കിസ്ഥാന്‍ പൗരന്മാര്‍ക്കാണ് ദുബായില്‍ പ്രവേശനാനുമതി നിഷേധിച്ചത്. ഇതില്‍ 1276 പേരെ നാട്ടിലേക്ക് തിരിച്ചയച്ചു. 98 പേര്‍ ഇപ്പോഴും വിമാനത്താവളത്തില്‍ തുടരുകയാണ്. അടുത്ത 12 മണിക്കൂറിനുള്ളില്‍ ബാക്കിയുള്ളവരെയും നാട്ടിലേക്ക് തിരിച്ചയക്കും.

ഇതുവരെ 300 ഇന്ത്യന്‍ യാത്രക്കാരെ വിമാനത്താവളത്തില്‍ തടഞ്ഞതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. ഇതില്‍ 80 പേര്‍ക്ക് പിന്നീട് പ്രവേശനാനുമതി നല്‍കി. 49 പേര്‍ ഇപ്പോഴും വിമാനത്താവളത്തിലാണ്. ഇവരെ ഉടന്‍തന്നെ നാട്ടിലേക്ക് തിരിച്ചയക്കും. എന്നാല്‍ വിമാനങ്ങളില്‍ സീറ്റുകള്‍ ഒഴിവില്ലാത്ത സ്ഥിതിയാണ്-കോണ്‍സുലേറ്റ് അധികൃതര്‍ പറഞ്ഞു.

സന്ദര്‍ശക വിസയിലെത്തുന്നവര്‍ മടക്ക ടിക്കറ്റും 2000 ദിര്‍ഹവും (89,957 രൂപ) താമസിക്കാന്‍ ഹോട്ടല്‍ മുറി റിസര്‍വ് ചെയ്ത രേഖകളും ഉണ്ടായിരിക്കണമെന്നാണ് ദുബായ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. വ്യവസ്ഥകള്‍ കര്‍ശനമാക്കിയ പശ്ചാത്തലത്തില്‍ സന്ദര്‍ശനത്തിനായി എത്തുന്നവര്‍ മാത്രം വിസിറ്റ് വിസയില്‍ എത്തിയാല്‍ മതിയെന്നാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കുന്നത്. ഒരു രാജ്യവും മതിയായ രേഖകളില്ലാത്ത യാത്രക്കാരെ സ്വീകരിക്കില്ല. രാജ്യത്തെ യാത്രാ ചട്ടങ്ങളും നിയമങ്ങളും അനുസരിക്കേണ്ടതുണ്ടെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികള്‍ പറഞ്ഞു. ഇ-മൈഗ്രേറ്റ് ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് പോര്‍ട്ടല്‍ വഴി മാത്രമേ നിയമനം നടത്താവൂയെന്നാണ് തൊഴില്‍ ദാതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here