ദുബായ്: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായില്‍ 15 ദിവസത്തെ വിലക്ക്. ദുബായിയിലേക്കോ, തിരിച്ചോ സര്‍വീസ് നടത്തരുതെന്ന് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു. കോവിഡ് രോഗികള്‍ക്ക് നിയമവിരുദ്ധമായി യാത്ര അനുവദിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് വിവരം.
പിഴവ് രണ്ടുതവണ ആവര്‍ത്തിച്ച സാഹചര്യത്തില്‍ രോഗിയുടെയും മറ്റു യാത്രക്കാരുടെയും ചികില്‍സാച്ചെലവ് വിമാനക്കമ്പനി വഹിക്കണമെന്ന് കാണിച്ച് ദുബായ് അധികൃതര്‍ നോട്ടീസ് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. യുഎഇയില്‍ കുടുങ്ങിയവരെ നാട്ടിലേക്ക് കൊണ്ടുപോകുന്നതും എയര്‍ ബബിള്‍ കരാര്‍ പ്രകാരം ഇന്ത്യന്‍ പ്രവാസികളെ നാട്ടില്‍ നിന്നും തിരിച്ചുകൊണ്ടുവരുന്നതും എയര്‍ ഇന്ത്യ എക്സ്പ്രസാണ്.
ഈമാസം നാലിന് ജയ്പൂരില്‍ നിന്നുള്ള വിമാനത്തിലാണ് കോവിഡ് പോസിറ്റാവായ യാത്രക്കാരന് ദുബായിലെത്തിയത്. രോഗിയുടെ പേരും പാസ്പോര്‍ട്ട് നമ്പറും യാത്ര ചെയ്ത സീറ്റ് നമ്പറും ഉള്‍പ്പെടെ നോട്ടീസില്‍ വ്യക്തമാക്കി. സര്‍വ്വീസ് റദ്ദാക്കിയ സാഹചര്യത്തില്‍ എക്സ്പ്രസ് വിമാനങ്ങള്‍ ഷാര്‍ജയിലേക്ക് റീ ഷെഡ്യൂള്‍ ചെയ്യാന്‍ തുടങ്ങി. ഒക്ടോബര്‍ മൂന്നു വരെയാണ് വിലക്ക്.