ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ മാനേജ് കമ്മിറ്റി അംഗങ്ങളെ പുറത്താക്കിയത് സ്‌കൂള്‍ നടപടിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാലെന്ന് പ്രിന്‍സിപ്പല്‍

സ്‌കൂളിന്റെ കീർത്തിക്ക് ഭംഗം വരുത്തുന്ന പ്രചാരണങ്ങളിൽ വംശവദരാകരുതെന്ന് ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. മുസഫർ ഹസൻ രക്ഷിതാക്കളോട് അഭ്യർഥിച്ചു.

1969 മുതൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണിത്. അതിന്റെ പുരോഗതിക്കും വിദ്യാഭ്യാസ നിലവാരത്തിന്റെ ഉയർച്ചക്കും ആവശ്യമായ ഓരോ തീരുമാനങ്ങളും കൂടിയാലോചിച്ചും ഗുണകരമായ രീതിയിലുമാണ് എടുത്തിട്ടുള്ളത്.സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിയോടുകൂടിയാണ് ഓരോ നടപടികളും സ്വീകരിക്കാറുമുള്ളത്. എന്നാൽ ഇിതിനു വിപരീതമായി ചില തൽപര കക്ഷികളും ഗ്രൂപ്പുകളും സ്‌കൂളിനെതിരായി നടത്തിവരുന്ന പ്രചാരണങ്ങളിൽ രക്ഷിതാക്കൾ കുടുങ്ങിപ്പോകരുത്. 
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിയോടെ നിലവിലെ മാനേജിംഗ് കമ്മിറ്റിയിൽ മാറ്റം വരുത്തിയത് സ്‌കൂളിന്റെ താൽപര്യം സംരക്ഷിക്കുന്നതിനു വേണ്ടിയാണ്. മാനേജിംഗ് കമ്മിറ്റിയിലെ നാല് അംഗങ്ങൾ സ്വാർഥതാൽപര്യങ്ങൾക്കും സ്‌കൂളിന്റെ നിയമാനുസൃത നടപടികൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തിയതിന്റെ പേരിലാണ് അവരെ മാനേജിംഗ് കമ്മിറ്റിയിൽനിന്നും നീക്കം ചെയ്തതെന്നും സ്‌കൂളിന്റെയും കുട്ടികളുടെയും ഗുണമേന്മ മാത്രമാണ് ഇതിനു പിന്നിലെന്നും പ്രിൻസിപ്പൽ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. 
കോവിഡ് പശ്ചാത്തലത്തിൽ ഓൺ ലൈൻ ക്ലാസുകൾ തുടരേണ്ട സാഹചര്യത്തിലാണ് സൗദി അറേബ്യയിലെ എല്ലാ ഇന്റർനാഷനൽ സ്‌കൂളുകൾക്കും ഒരു പോലെയുള്ള ഡിജിറ്റൽ പ്ലാറ്റ് ഫോം കൊണ്ടുവരാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായുള്ള താലീം പ്രൊജക്ട് അനുയോജ്യമായ രീതിയിൽ നടപ്പാക്കാൻ ശേഷിള്ള സ്ഥാപനത്തെയാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 
ഹയർ ബോർഡിന്റെ തീരുമാനം പ്രകാരം ഈ പദ്ധതി മറ്റ് സ്‌കൂളിൽ പ്രാവർത്തികമാക്കി തുടങ്ങി. എന്നാൽ ജിദ്ദ സ്‌കൂളിൽ ഇതു പ്രാവർത്തികമാക്കുന്നതിന് ചില മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ വിഘാതം ഉണ്ടാക്കുകുയും അതു സ്‌കൂളിന് പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നു കണ്ട സാഹചര്യത്തിലാണ് മാനേജിംഗ് കമ്മിറ്റിയിൽനിന്നു നാലു പേരെ ഒഴിവാക്കിയതെന്നും സർക്കുലറിൽ വിശദീകരിക്കുന്നു. സ്‌കൂളിന്റെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് ആരോപണം ശരിയല്ല. ഒരു വർഷത്തേക്കു മാത്രമുള്ള ഈ പദ്ധതിയിലൂടെ വാർഷിക ഫീസിനത്തിന്റെ അഞ്ചു ശതമാനം മാത്രമാണ് ചെലവാകുന്നതെന്നും അത് ഇതിനകം തന്നെ രക്ഷിതാക്കളിൽനിന്നു ഈടാക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ ഒരു നിലക്കും അധിക ബാധ്യതയുടെ പ്രശ്‌നം ഉദിക്കുന്നില്ല. സ്ഥാപനത്തിന്റെയും കുട്ടികളുടെയും താൽപര്യത്തിനു വുരദ്ധമായ ഒരു പ്രവർത്തനങ്ങളും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും അതിനാൽ സ്‌കൂളിന്റെ കീർത്തിക്ക് ഭംഗം വരുത്തുന്ന രീതിയിലുള്ള പ്രചാരണങ്ങളിൽ ഭാഗഭാക്കാവരുതെന്നും പ്രിൻസിപ്പൽ രക്ഷിതാക്കളോട് അഭ്യർഥിച്ചു