ലോകസമാധാനത്തിന് തുരങ്കം വെക്കുന്നത് അമേരിക്കയെന്ന് ചൈന

ബെയ്ജിങ്: ലോക സമാധാനത്തിനും അന്താരാഷ്ട്ര ഐക്യത്തിനും ഏറ്റവും വലിയ ഭീഷണി അമേരിക്കയാണെന്ന് ചൈന. അതിര്‍ത്തികളില്‍ അശാന്തിയുണ്ടാക്കുന്നതും അന്താരാഷ്ട്രക്രമം ലംഘിക്കുന്നതും അമേരിക്കയാണെന്നതിന് തെളിവുകളുണ്ട്. അമേരിക്കന്‍ പ്രതിരോധ വകുപ്പ് സെപ്തംബര്‍ രണ്ടിന് പുറത്തിറക്കിയ റിപ്പോര്‍ട്ടിലെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് മറുപടിയായി ചൈനയുടെ പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ വൂ ഖിയാന്‍ ആണ് അമേരിക്കന്‍ അതിക്രമങ്ങള്‍ തുറന്നുകാണിച്ചത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇറാഖിലും സിറിയയിലും ലിബിയയിലും മറ്റ് രാജ്യങ്ങളിലും അമേരിക്കന്‍ ഇടപെടല്‍മൂലം എട്ട് ലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിനാളുകള്‍ അഭയാര്‍ഥികളാകുകയും ചെയ്തു.
ആത്മപരിശോധന നടത്തുന്നതിന് പകരം ചൈനയുടെ സ്വാഭാവിക പ്രതിരോധ, സൈനിക നിര്‍മാണങ്ങളെക്കുറിച്ച് തെറ്റായ പ്രസ്താവനകള്‍ നടത്തുന്നതാണ് ആ റിപ്പോര്‍ട്ട്. ചൈനയുടെ ദേശീയ പ്രതിരോധത്തെയും സൈനിക നിര്‍മാണങ്ങളെയും വസ്തുനിഷ്ഠമായും യുക്തിപൂര്‍വമായും കാണാനും തെറ്റായ പ്രസ്താവനകള്‍ അവസാനിപ്പിക്കാനും ഇരുരാജ്യങ്ങളും തമ്മില്‍ ആരോഗ്യകരമായ സൈനികബന്ധം വികസിപ്പിക്കാനും ഖിയാന്‍ ആവശ്യപ്പെട്ടു.