ഉറക്കഗുളിക കൊണ്ടുവന്നതിന് ജയിലിലായ പ്രവാസിയെ മോചിപ്പിച്ചു

റിയാദ്: നാട്ടില്‍ നിന്നു ഉറക്കഗുളിക കൊണ്ടുവന്നതിന് ജയിലിലായ ഹൈദരബാദുകാരനെ മോചിപ്പിച്ചു. ജീവകാരുണ്യപ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാടിന്റെ ഇടപെടല്‍ മൂലമാണ് ജയില്‍ മോചിതനായത്.
ഹൈദരബാദ് സ്വദേശി അബ്ദുല്‍ ഹമീദ് അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്നു. സൗദിയില്‍ എത്തി ഒരു വര്‍ഷത്തിന് ശേഷം അവധിക്ക് നാട്ടില്‍ പോയി മടങ്ങും നേരം സുഹൃത്തിന്റെ വീട്ടില്‍ നിന്നു കൊടുത്തുവിട്ട മരുന്നു പാഴ്‌സലുമായാണ് വന്നത്. എന്നാല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് മരുന്നു പാഴ്‌സലിന്റെ പേരില്‍ പൊലിസ് അറസ്റ്റ് ചെയ്തു. ആ പാര്‍സലിനുള്ളില്‍ ഉറക്കഗുളിക ഉണ്ടായിരുന്നു. രേഖകളില്ലാതെ ഉറക്കഗുളിക കൈവശം വെച്ചതിന് കോടതി അഞ്ചു വര്‍ഷത്തേക്ക് ശിക്ഷിച്ചു.
ഇതിനിടെ അബ്ദുല്‍ ഹമീദിന്റെ ഭാര്യയും മാതാപിതാക്കളും നിരന്തരം എംബസിയില്‍ ബന്ധപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല. കാര്യമറിഞ്ഞ ഷിഹാബ് ഇതില്‍ ഇടപെടുകയും ജയില്‍ അധികാരികളുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്തു. എംബസിയുമായി ബന്ധപ്പെട്ട് പാസ്‌പോര്‍ട്ട് പുതുക്കി ജയിലില്‍ സബ്മിറ്റ് ചെയ്തതിനെത്തുടര്‍ന്നാണ് ജയില്‍ മോചിതനാക്കുകയും എക്‌സിറ്റ് അടിക്കുകയും ചെയ്തത്. ഷിഹാബിന്റെ ആത്മാര്‍ഥമായ ശ്രമത്തിന്റെ ഫലമായി 10 ദിവസം കൊണ്ട് അദ്ദേഹത്തിന് നാടെത്താന്‍ കഴിഞ്ഞു.