ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പരിഷ്കരിച്ച് യുഎഇ

അബുദാബി: അഞ്ചുരാജ്യങ്ങളെ ഒഴിവാക്കി യുഎഇ 12 ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പരിഷ്കരിച്ചു. ഖത്തർ ഒമാൻ, ബഹ്റൈൻ, ഉൾപ്പെടെയുള്ള രാജ്യങ്ങളെയാണ് ഒഴിവാക്കിയത്. അതേസമയം, ഓസ്ട്രേലിയ, ഭൂട്ടാൻ, ബ്രൂണയ്, ചൈന, ഗ്രീൻലാൻഡ്, ഹോങ്കോങ്, ഐസ് ലാൻഡ്, മൗറീഷ്യസ്, മംഗോളിയ, ന്യൂസിലാൻഡ്, സൗദി അറേബ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചത്.

കോവിഡ് വ്യാപനത്തെ നിരീക്ഷിച്ചശേഷം രണ്ടാഴ്ച കൂടുമ്പോഴാണ് പട്ടിക പുതുക്കുക. 17 രാജ്യങ്ങളാണ് നേരത്തേ ലിസ്റ്റിലുണ്ടായിരുന്നത്. 12 ഗ്രീൻ രാജ്യങ്ങളിൽനിന്ന് അബുദാബിയിലേക്കു വരുന്നവർക്ക് 10 ദിവസത്തെ ക്വാറന്‍റീൻ ആവശ്യമില്ല. അതേസമയം, യാത്രയ്ക്കു 96 മണിക്കൂറിനുള്ളിൽ പിസിആർ പരിശോധന നടത്തി നെഗറ്റീവ് ഫലം ഉണ്ടായിരിക്കണം.

അബുദാബി വിമാനത്താവളത്തിൽ പിസിആർ പരിശോധന നടത്തി ഫലം വരുന്നതുവരെ യാത്രക്കാർ കാക്കണം.