വാഷിങ്ടണ്‍: അമേരിക്കയില്‍ കറുത്തവനും വെളുത്തവനും രണ്ട് തരം നീതിയാണെന്ന് ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസ്. അമേരിക്കയില്‍ വംശീയവിദ്വേഷമില്ലെന്ന ഡൊണാള്‍ഡ് ട്രംപിന്റെയും അറ്റോര്‍ണി ജനറല്‍ വില്യമിന്റെയും പ്രസ്താവനയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു കമലയുടെ മറുപടി.
തലമുറകളായി അമേരിക്കയില്‍ രണ്ടുതരം നീതിയാണുള്ളത്. എന്നാല്‍ ഭരണഘടനയില്‍ ആലേഖനം ചെയ്ത തുല്യനീതി അമേരിക്കക്കാര്‍ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നുണ്ടെന്ന് താന്‍ വിശ്വസിക്കുന്നു. രണ്ട് നീതിയുള്ളിടത്തോളംകാലം തുല്യനീതിക്കായി പോരാടണം. കഴുത്തുഞെരിച്ച് ശ്വാസംമുട്ടിക്കുന്ന രീതി നിരോധിക്കണമെന്നും നിയമം ലംഘിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും കമല ആവശ്യപ്പെട്ടു.
മഹാമാരിയുടെ ആദ്യഘട്ടം മുതല്‍ ട്രംപ് സര്‍ക്കാര്‍ അതിനെ കെട്ടിച്ചമച്ച കഥയെന്നും മറ്റും നിസ്സാരവല്‍ക്കരിക്കുകയാണ്. ആരോഗ്യവിദഗ്ധര്‍ പറയുന്നത് പിന്തുടര്‍ന്നിരുന്നെങ്കില്‍ അമേരിക്കയ്ക്ക് ഈ സ്ഥിതി വരില്ലായിരുന്നു- കമല പറഞ്ഞു.