ജോലി നഷ്ടപ്പെട്ടു പെരുവഴിയിലായ 42 ഇന്ത്യക്കാര്‍ നാടണഞ്ഞു

ജിദ്ദ: കോവിഡ്-19 മൂലം തൊഴില്‍ പ്രതിസന്ധിയും കോണ്‍ട്രാക്ടിങ്ങ് കമ്പനിയുടെ നിരുത്തരവാദപരമായ സമീപനവും കാരണം പെരുവഴിയിലായ 42 ഇന്ത്യക്കാര്‍ നാടണഞ്ഞു.
സഈദ് ലേബര്‍ കോണ്‍ട്രാക്ടിംഗ് കമ്പനിയുടെ ക്യാമ്പില്‍ നിന്നും 42 തൊഴിലാളികളുടെയും വിവരങ്ങള്‍ ശേഖരിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കര്‍ണ്ണാടക സ്റ്റേറ്റ് ഭാരവാഹികള്‍ പരാതി സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് സത്വര നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് മുഴുവന്‍ തൊഴിലാളികളുടെയും പാസ്‌പോര്‍ട്ടും വിടുതല്‍ രേഖകളും ടിക്കറ്റും നല്‍കാന്‍ കമ്പനി നിര്‍ബന്ധിതരായി. നടപടികള്‍ പൂര്‍ത്തിയാക്കി മൂന്നു ഘട്ടങ്ങളായി തൊഴിലാളികള്‍ എല്ലാവരും നാടണയുകയും ചെയ്തു.
രണ്ടു വര്‍ഷത്തിലധികം ജിദ്ദയിലെ സഈദ് ലേബര്‍ കോണ്‍ട്രാക്ടിങ്ങ് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്ന കര്‍ണ്ണാടക, ഗോവ, മഹാരാഷ്ട്ര, യു.പി. ബീഹാര്‍, പശ്ചിമ ബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കാണ് മാസങ്ങളോളം ദുരിതപര്‍വ്വം നേരിടേണ്ടി വന്നത്.
കൊറോണ ഭീതി മൂലം പ്രവൃത്തികള്‍ നിലച്ചതിനാല്‍ കമ്പനിയില്‍ നിന്നും ശമ്പളമോ ചെലവിനുള്ള തുകയോ ലഭിക്കാതെ റാബഗിലും ബവാദിയിലുമുള്ള ക്യാമ്പുകളില്‍ കഴിയുകയായിരുന്നു ഇവര്‍. കഷ്ടപ്പാടും ദുരിതവും കൂടിയപ്പോള്‍ ഇവരില്‍ മംഗലാപുരം സ്വദേശിയായ മുഹമ്മദ് ശക്കീല്‍ എന്നയാള്‍ കര്‍ണ്ണാടകയിലെ സുഹൃത്ത് മുഖേന ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഭാരവാഹികളുമായി ബന്ധപ്പെട്ടതോടെയാണ് ഇവരുടെ പ്രശ്‌നത്തില്‍ വഴിത്തിരിവുണ്ടായത്. സോഷ്യല്‍ ഫോറം കര്‍ണ്ണാടക സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് കലന്തര്‍ സൂരിഞ്ചെ, റഷീദ് കുത്താര്‍, അഷ്‌റഫ് ബജ്‌പെ എന്നിവര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here