ജീവിതത്തില്‍ ഏതെങ്കിലും വിധത്തിലുള്ള പ്രയാസങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്ലാവര്ക്കും അനുഭവപ്പെടുന്നതാണ് സങ്കടം. ആ സാഹചര്യം മാറുമ്പോള്‍ വിഷാദവും മാറുകയാണ് പതിവ്. വിഷാദരോഗത്തില്‍ സംഭവിക്കുന്നത് ഇതല്ല. നീണ്ടുനില്‍ക്കുന്ന സങ്കടം അഥവാ വിഷാദമാണ് ഉണ്ടാകുന്നത്. അതിന് എന്തെങ്കിലും കാരണം വേണമെന്നില്ല. കാരണമുണ്ടെങ്കില്‍ തന്നെ അനുഭവപ്പെടുന്ന ദുഖം കാരണത്തിന് ആനുപാതികവുമായിരിക്കില്ല. വിഷമം ഉണ്ടാകുന്നതോടൊപ്പം തന്നെ ശാരീരിക പ്രവര്‍ത്തനങ്ങളിലും മാറ്റമുണ്ടാകുന്നു. ഉറക്കക്കുറവാണ് ഏറ്റവും പ്രധാനം. ഉറക്കം കിട്ടാതെ വരിക, ഉറക്കത്തില്‍ ഞെട്ടി എഴുന്നേല്ക്കുക എന്നിവ സംഭവിക്കാം. ഒരുറക്കം കഴിഞ്ഞ് രാവിലെ 2 മണിക്കോ 3 മണിക്കോ ഉണര്‍ന്നിട്ട് പിന്നീട് ഉറക്കം വരാതെ കിടക്കേണ്ടിവരുന്ന അവസ്ഥ വിഷാദരോഗത്തിന്റെ പ്രധാന ലക്ഷണമാണ്.
വിശപ്പില്ലായ്മ, ഭക്ഷണം കഴിക്കാതിരിക്കുക, ക്ഷീണം, എപ്പോഴും കിടക്കണമെന്ന തോന്നല്‍, കാര്യങ്ങള്‍ ചെയ്യാന്‍ ഉന്മേഷം തോന്നാത്ത അവസ്ഥ, ഓര്‍മ്മക്കുറവ്, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥ തുടങ്ങിയവ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാണ്. ഇതോടൊപ്പം, എന്നെക്കൊണ്ട് ഒന്നിനും സാധിക്കില്ല, ഞാന്‍ എല്ലാവര്ക്കും ഭാരമാണ്, കുറ്റബോധം, ആത്മഹത്യാ പ്രവണതകള്‍ തുടങ്ങിയവയും ഉണ്ടാകുന്നു. ആത്മഹത്യ ചെയ്യുന്നവരില്‍ 70 ശതമാനത്തോളം ആളുകള്‍ക്ക് വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.
അധികവും സ്ത്രീകളില്‍
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ വിഷാദരോഗം കൂടുതലായി കണ്ടുവരുന്നു. സ്ത്രീകളുടെ ജീവശാസ്ത്രപരമായ പ്രത്യേകതകളാണ് ഇതിനു കാരണം. ആര്‍ത്തവത്തോടനുബന്ധിച്ചും പ്രസവത്തിനു ശേഷവും ആര്‍ത്തവ വിരാമത്തിലുമൊക്കെ വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
പ്രസവാനന്തരം വിഷാദം
10 ശതമാനത്തോളം സ്ത്രീകളില്‍ പ്രസവാനന്തര വിഷാദം കാണപ്പെടുന്നു. വിഷാദരോഗത്തിന്റെ കൃത്യമായ ലക്ഷണങ്ങളാവില്ല പലപ്പോഴും ഇവര്‍ കാണിക്കുന്നത്. ദേഷ്യം, കുഞ്ഞിന്റെ കാര്യത്തില്‍ ശ്രദ്ധയില്ലായ്മ, കുഞ്ഞിന് എന്തോ കുഴപ്പമുണ്ടെന്ന തോന്നല്‍ തുടങ്ങിയവയാവാം ലക്ഷണങ്ങള്‍. പ്രസവാനന്തര വിഷാദം വളരെ ശ്രദ്ധവേണ്ട അവസ്ഥയാണ്. പക്ഷേ പലപ്പോഴും തിരിച്ചറിയപ്പെടാതെയും ചികിത്സിക്കപ്പെടാതെയും അപകടങ്ങള്‍ സംഭവിക്കുന്നു.
കാരണങ്ങള്‍ എന്തെല്ലാം ?
ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് തലച്ചോറാണ്. തലച്ചോറിലുണ്ടാകുന്ന രാസവ്യതിയാനങ്ങളാണ് മാനസിക രോഗങ്ങള്‍ക്ക് കാരണമാകുന്നത്. തലച്ചോറിലെ സിറോടോണില്, നോര്‍എപ്പിനെഫ്രിന്‍ തുടങ്ങിയ രാസവസ്തുക്കളുടെ വ്യതിയാനമാണ് വിഷാദരോഗത്തിന് കാരണം. ജനിതകപരമായ ഘടകങ്ങളും സാമൂഹികമായ കാരണങ്ങളും വ്യക്തിത്വവുമൊക്കെ തലച്ചോറില്‍ വ്യതിയാനങ്ങള്‍ വരുന്നതിന് കാരണമാകാം. ഇങ്ങനെ പല ഘടകങ്ങള്‍ കൂടിച്ചേരുമ്പോഴാണ് രോഗം ഉണ്ടാകുന്നത്.
ചികിത്സ ലഭ്യമാണോ ?
തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ചികിത്സിക്കാന്‍ വളരെ എളുപ്പമുള്ളതും ചികിത്സിച്ചാല്‍ മാറുന്നതുമാണ് വിഷാദരോഗം. ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെങ്കിലാണ് ഇതിനെ രോഗം എന്ന് പറയുക. ഇതിന് മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ ആവശ്യമാണ്. മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കൃത്യമായി കഴിക്കണം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നിന്റെ അളവ് ക്രമേണ കുറച്ച് പൂര്‍ണ്ണമായി നിര്‍ത്താനും സാധിക്കും.