പുരുഷന്മാരിലെ സ്തനാര്‍ബുദം : അറിയാം ലക്ഷണങ്ങളും കാരണങ്ങളും

സ്തനാര്‍ബുദം സാധാരണ സ്ത്രീകള്‍ക്കിടയിലാണ് കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍ സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും സ്തനാര്‍ബുദം പിടിപെടും. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ കണക്കനുസരിച്ച് 2016 ല്‍ അമേരിക്കയിലെ 2,600 പുരുഷന്മാര്‍ക്ക് സ്തനാര്‍ബുദം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവരില്‍ 440 പേര്‍ രോഗത്തെത്തുടര്‍ന്ന് മരിക്കുകയും ചെയ്തു.

ലിംഗഭേദമന്യേ എല്ലാവര്‍ക്കും മുലക്കണ്ണിനും അതിനു ചുറ്റുമുള്ള ചര്‍മത്തിനും കീഴില്‍ ഏതാനും നാളങ്ങള്‍ അടങ്ങിയ സ്തനകലകളുണ്ട്. പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ അവരുടെ അണ്ഡാശയത്തില്‍ പെണ്‍ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതിനാല്‍ അത് അവരുടെ സ്തനങ്ങള്‍ വളരാന്‍ കാരണമാകുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയായതിനുശേഷം പുരുഷന്മാര്‍ക്ക് സ്ത്രീ ഹോര്‍മോണുകളുടെ അളവ് വളരെ കുറവായതിനാല്‍ അവരുടെ സ്തന കോശങ്ങള്‍ അധികം വളരുകയില്ല. എന്നാല്‍ ശരീരത്തിലെ മറ്റേതൊരു കോശത്തെയും പോലെ നെഞ്ചിലെ നാളീകോശങ്ങള്‍ക്ക് അര്‍ബുദം വരാം.

സ്തനാര്‍ബുദം പുരുഷന്മാരില്‍ വളരെ സാധാരണമല്ല. പുരുഷന്മാര്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത ആയിരത്തില്‍ ഒന്ന് മാത്രമാണ്. ഇത് സ്ത്രീകളേക്കാള്‍ നൂറ് മടങ്ങ് കുറവുമാണ്. പുരുഷന്മാരില്‍ സ്ത്രീ ഹോര്‍മോണുകളുടെ അളവു വളരെ കുറവാണ്. അതിനാല്‍ സ്തനകോശങ്ങളുടെ വളര്‍ച്ചയും കുറവായിരിക്കും.

സ്തനാര്‍ബുദത്തില്‍ നിന്നുള്ള അതിജീവനം അത് എത്രത്തോളം വ്യാപിച്ചു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. പുരുഷന്മാര്‍ക്ക് ബ്രെസ്റ്റ് ടിഷ്യു വളരെ കുറവായതിനാല്‍, മുലക്കണ്ണിലേക്കോ സ്തനത്തിന് താഴെയുള്ള പേശികളിലേക്കോ അര്‍ബുദ കോശങ്ങള്‍ക്കെത്താന്‍ അധികം വളരേണ്ടതില്ല. ഇത് കണ്ടെത്തുമ്പോഴേക്കും, അര്‍ബുദ കോശങ്ങള്‍ പലപ്പോഴും സമീപത്തുള്ള ടിഷ്യുകളിലേക്കോ ലിംഫ് നോഡുകളിലേക്കോ വ്യാപിച്ചുകഴിഞ്ഞിരിക്കും. അവബോധത്തിന്റെ കുറവു മൂലമാണ് ഇത് പുരുഷന്മാരില്‍ ഒരു മാരക രോഗമായി മാറുന്നത്.

രോഗലക്ഷണങ്ങള്‍ തിരിച്ചറിയാം

  1. സ്തനങ്ങളിലൊന്നില്‍ ചെറിയ, കട്ടിയുള്ള തടിപ്പ് അല്ലെങ്കില്‍ വീക്കം
  2. മുലക്കണ്ണ് ഉള്ളിലേക്കു പിന്‍വലിയാന്‍ തുടങ്ങുകയോ വീക്കം തോന്നുകയോ അല്ലെങ്കില്‍ കഠിനമാവുകയോ ചെയ്യുക.
  3. സ്തനചര്‍മം ചുവക്കുകയോ, പെട്ടെന്ന് മങ്ങാന്‍ തുടങ്ങുകയോ ചെയ്യുക.
  4. മുലക്കണ്ണില്‍ നിന്ന് ഒരു ദ്രാവകം പുറത്തേക്കുവരുക.

കാരണങ്ങള്‍

  1. പുരുഷന്മാരില്‍ 60നും 70നും ഇടയില്‍ പ്രായമുള്ളപ്പോഴാണ് സ്തനാര്‍ബുദമുണ്ടാകാന്‍ സാധ്യത കൂടുതല്‍.
  2. പാരമ്പര്യമായി വരാനുള്ള സാധ്യതയുണ്ട്.
  3. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്റെ ഉയര്‍ന്ന അളവ് പുരുഷന്മാരിലുണ്ടാകുന്നത് സ്തനാര്‍ബുദത്തിന് കാരണമാകും. ഹോര്‍മോണ്‍ ചികിത്സകള്‍, അമിതവണ്ണം (കൊഴുപ്പ് കോശങ്ങള്‍ പുരുഷ ഹോര്‍മോണുകളെ സ്ത്രീ ഹോര്‍മോണുകളാക്കി മാറ്റുന്നു), സിറോസിസ് പോലുള്ള കരള്‍ രോഗങ്ങള്‍ എന്നിവ മൂലം പുരുഷന്മാര്‍ക്ക് ഈസ്ട്രജന്റെ അളവ് വര്‍ധിക്കാനിടയുണ്ട്. ക്ലൈന്‍ഫെല്‍ട്ടര്‍ സിന്‍ഡ്രോം എന്ന അപൂര്‍വ ജനിതകാവസ്ഥ പുരുഷ ഹോര്‍മോണുകളുടെ അളവ് കുറക്കുന്നതിനും ഈസ്ട്രജന്‍ കൂടുതല്‍ അളവില്‍ ഉണ്ടാകുന്നതിനും കാരണമാകുന്നു.
  4. അസാധാരണമാംവിധം ചൂടുള്ള ജോലിസ്ഥലത്ത് പണിയെടുക്കുന്ന പുരുഷന്മാര്‍ക്ക് (ഉരുക്ക് ജോലികള്‍, സ്‌ഫോടന ചൂളകള്‍, കാര്‍ നിര്‍മാണ പ്ലാന്റുകള്‍) തണുത്ത സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരേക്കാള്‍ സ്തനാര്‍ബുദത്തിന് സാധ്യതയുണ്ട്. സോപ്പ്, പെര്‍ഫ്യൂം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന പുരുഷന്മാര്‍ക്കും കൂടുതല്‍ അപകടസാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here