പ്രതിദിനം കോവിഡ് ബാധിക്കുന്നവരില്‍ കൂടുതലും ഇന്ത്യയില്‍

ന്യൂഡല്‍ഹി: കോവിഡ് രോഗം ബാധിക്കുന്നവരില്‍ ലോകത്തു മുന്നില്‍ ഇന്ത്യ. പുതുതായി രോഗം ബാധിക്കുന്നവരുടെ കണക്കില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 7032 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതോടെ 34.68 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചു.
ലോകത്താകെ രണ്ടര കോടി പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചതത് 62750 പേരാണ്. അമേരിക്കയിലും ബ്രസീലിലും മെക്‌സിക്കോയും മാത്രമാണ് ഇന്ത്യയേക്കാള്‍ കൂടുതല്‍ മരണം. രാജ്യത്ത് പ്രതിദിന രോഗികള്‍ വീണ്ടും കുതിക്കുകയാണ്. 24 മണിക്കൂറില്‍ 77,266 പേര്‍കൂടി രോഗബാധിതരായതായി കേന്ദ്രം അറിയിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് ഇത്. 1057 പേര്‍കൂടി മരിച്ചു. മൂന്നു ദിവസമായി ആയിരത്തിലേറെയാണ് പ്രതിദിന മരണം.
മെക്സിക്കോയില്‍ മരണം 63146 ആണ്. യുഎസില്‍ 1.85 ലക്ഷം പേരാണ് ഇതുവരെ മരിച്ചത്. ബ്രസീലില്‍ 1.19 ലക്ഷവും. വ്യാഴാഴ്ച പ്രതിദിന മരണത്തില്‍ യുഎസിനു പിന്നില്‍ രണ്ടാമതാണ് ഇന്ത്യ. യുഎസില്‍ 1143ഉം ബ്രസീലില്‍ 970ഉം ആണ് വ്യാഴാഴ്ചത്തെ മരണം. ഇന്ത്യയില്‍ ആയിരത്തിലേറെയും. പ്രതിദിന രോഗികള്‍ ആഗസ്ത് ആദ്യവാരംമുതല്‍ ഇന്ത്യയിലാണ് കൂടുതല്‍. യുഎസില്‍ വ്യാഴാഴ്ച രോഗികള്‍ 46,286 ആണ്. ബ്രസീലില്‍ 42,489ഉം.
ഇരുപത്തിനാല് മണിക്കൂറില്‍ 60,177 പേര്‍കൂടി രോഗമുക്തരായി. ആകെ രോഗമുക്തര്‍ 25.84 ലക്ഷം. രോഗമുക്തിനിരക്ക് 76.28 ശതമാനം. ചികിത്സയിലുള്ളവര്‍ ഏഴര ലക്ഷം കടന്നു. 1.82 ശതമാനമാണ് മരണനിരക്ക്. ആകെ പരിശോധന 3.94 കോടിയിലേറെയായി. പത്തുലക്ഷം പേരില്‍ 28,607 ആണ് രാജ്യത്തെ പരിശോധനത്തോത്. കേരളത്തില്‍ 45,780 ആണ് പരിശോധനത്തോത്.