കുവൈത്ത് അമീര്‍ അന്തരിച്ചു

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് അന്തരിച്ചു. 91 വയസ്സായിരുന്നു. അമേരിക്കയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ശൈഖ് ജാബിര്‍ അല്‍ സബാഹിന്റെ നിര്യാണത്തോടെ 2006ലാണ് അദ്ദേഹം കുവൈത്തിന്റെ അമീറായത്. 2019 ആഗസ്റ്റില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കഴിഞ്ഞ ജൂലൈയിലാണ് അമേരിക്കയിലേക്ക് ചികിത്സാര്‍ഥം പോയത്. മിന്നിസോട്ടയിലെ മയോ ക്ലിനിക്കില്‍ ചികിത്സയിലായിരുന്നു.

1929ല്‍ ജനിച്ച ശൈഖ് സബാഹ്, കുവൈത്തിന്റെ ആധുനിക വിദേശ നയത്തിന്റെ ശില്‍പ്പിയായാണ് കരുതപ്പെടുന്നത്. 1963 മുതല്‍ 2003 വരെ നാല് പതിറ്റാണ്ടോളം കുവൈത്തിന്റെ വിദേശകാര്യ മന്ത്രിയായിരുന്നു.

ഗള്‍ഫിലെ പ്രായം കൂടിയ ഭരണാധികാരിയാണ് വിടപറയുന്നത്. ജി സി സി രാഷ്ട്രങ്ങളിലെ തലയെടുപ്പുള്ള നേതാവും പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥനുമായിരുന്നു. ഖത്തറും മറ്റ് മൂന്ന് ഗള്‍ഫ് രാഷ്ട്രങ്ങളും നയതന്ത്ര ഭിന്നതയുണ്ടായപ്പോള്‍ പ്രശ്‌ന പരിഹാരത്തിന് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് ഏറെ ശ്രമങ്ങള്‍ നടത്തിയിരുന്നു.