മലപ്പുറംഫോബിയ; പാലക്കാട് ആന ചരിഞ്ഞാലും പേരുദോഷം മലപ്പുറത്തിന്

അന്‍ഷാദ് കൂട്ടുകുന്നം

മലപ്പുറം: ലോകത്തെല്ലായിടത്തും ഇസ്ലാമോഫോബിയ അതിവേഗം വളരുകയാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇസ്ലാമോഫോബിയക്കൊപ്പം വളരുന്ന മറ്റൊരു ഫോബിയയാണ് മലപ്പുറം ഫോബിയ. ഇന്ത്യയില്‍ 70 ശതമാനത്തില്‍ അധികം മുസ്ലിങ്ങളുള്ള ജില്ലയാണ് മലപ്പുറം. രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കാന്‍ വന്നപ്പോഴും മലപ്പുറത്തിനെതിരേ അമിത് ഷാ അടക്കം നിരവധി ബി.ജെ.പി നേതാക്കള്‍ രംഗത്തുവന്നിരുന്നു. പാകിസ്ഥാന്‍ പതാകയോടാണ് കോണ്‍ഗ്രസ് ഘടകക്ഷിയായ മുസ്ലിംലീഗ് കൊടിയെ ഷാ സാദൃശ്യപ്പെടുത്തിയത്.
ഇപ്പോഴിതാ പാലക്കാട് ജില്ലയില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറത്തിനെതിരേ തിരിഞ്ഞിരിക്കുകയാണ് മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ മേനക ഗാന്ധി.
മലപ്പുറം ജില്ല ഇത്തരം സംഭവങ്ങളില്‍ കുപ്രസിദ്ധമാണെന്നും പ്രത്യേകിച്ച് മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ എന്നും അവര്‍ പറഞ്ഞു. നേരത്തെ ഇവിടെ വിഷം കൊടുത്ത് നിരവധി പക്ഷികളേയും നായ്ക്കളേയും കൊന്നെന്നും മേനക പ്രസ്താവനയിറക്കി. മലപ്പുറം ജില്ലയെക്കുറിച്ച് പുതിയ ആരോപണമാണിത്.
മേയ് 27ന് പാലക്കാട് ജില്ലയിലെ സൈലന്റ് വാലി ദേശീയോദ്യാനത്തിലായിരുന്നു ഗര്‍ഭിണിയായ ആന ചരിഞ്ഞത്. സംഭവത്തില്‍ വനംവകുപ്പ് പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്. സ്‌ഫോടക വസ്തു നിറച്ച കൈതച്ചക്ക ആന തിന്നതാണ് മരണകാരണം. പന്നികളെ കൊല്ലാന്‍ ഉപയോഗിക്കുന്ന പടക്കമാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. തിരുവിഴാംകുന്ന് അമ്പലപ്പാറ വെള്ളിയാര്‍പ്പുഴയിലാണ് കാട്ടാനയെ അവശനിലയില്‍ കണ്ടെത്തിയത്. വേദന സഹിക്കാനാവാതെ വനമേഖലയിലെ പുഴയില്‍ മുഖം പൂഴ്ത്തി നില്‍ക്കുകയായിരുന്നു ആന. തുടര്‍ന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആന ചരിഞ്ഞു. പോസ്റ്റ് മോര്‍ത്തില്‍ ആന ഗര്‍ഭിണിയായിരുന്നെന്ന് കണ്ടെത്തി. സംഭവനത്തില്‍ ശക്തമായ കേസാണ് പൊലിസ് എടുത്തിരിക്കുന്നത്.


നിരന്തരം മലപ്പുറത്തിനെതിരേ വാര്‍ത്തയുണ്ടാക്കുന്നത് കേരളത്തിലെ ചില മാധ്യമങ്ങളുടെ രീതിയാണ്. ചില ആര്‍.എസ്.എസ് നേതാക്കളും മലപ്പുറത്തിനെതിരേ വ്യാപകമായി പ്രചാരണം നടത്തുന്നുണ്ട്. മലപ്പുറത്ത് ഹിന്ദുക്കളെ ആട്ടിയോടിക്കുന്നുവെന്നാണ് അതില്‍ ഒന്ന്. ഇത് മലപ്പുറത്ത് താമസിക്കുന്ന ഹിന്ദുക്കള്‍ പൊളിച്ചടക്കിയതോടെ മലപ്പുറത്ത് മുസ്ലിങ്ങള്‍ പെറ്റുകൂട്ടുന്നുവെന്നായി പ്രചാരണം. നുണ പ്രചാരണങ്ങള്‍ക്കെതിരേ വ്യാപകമായി ചെറുത്തുനില്‍പ്പുണ്ടായതോടെ അതും അടങ്ങി. റമദാന്‍ വ്രതം ആരംഭിക്കുന്നതിന് മുമ്പേ മലപ്പുറത്ത് ഹോട്ടല്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് ചിലര്‍ പ്രചരിപ്പിക്കാറുണ്ട്. പ്രവര്‍ത്തിപ്പിക്കുന്ന അന്‍പതിലധികം ഹോട്ടലുകളുടെ ലിസ്റ്റാണ് ഇതിന് മറുപടി പറയുന്നത്. മലപ്പുറത്ത് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് പ്രചാരണം, മലപ്പുറത്ത് ഹിന്ദു കോളനിയില്‍ വെള്ളം നല്‍കിയില്ലെന്നുള്ള പ്രചാരണം… മലപ്പുറം ഫോബിയ ഇടക്കിടെ പൊങ്ങിവന്നുകൊണ്ടിരിക്കും ഇതുപോലെ.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here