ജോലിയായിട്ടേ കല്യാണം കഴിക്കാവൂ, പൊരുത്തപ്പെടാന്‍ ഒട്ടും പറ്റുന്നില്ലെങ്കില്‍ നീ തിരിഞ്ഞു നടക്കണം: ദീപ നിശാന്ത്

അഞ്ചലിലെ ഉത്രയുടെ കൊലപാതകത്തില്‍ ഭർത്താവ് സൂരജിനെ പോലീസ് അറസ്റ്റ് ചെയ്തു. പതിനായിരം രൂപ കൊടുത്ത പാമ്പിനെ വാങ്ങിയാണ് ഭർത്താവ് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്.ഈ സംഭവത്തിൽ പ്രതികരണവുമായി അധ്യാപികയും എഴുത്തുകാരിയുമമായി ദീപ നിശാന്ത് രംഗത്ത് വന്നിരിക്കുകയാണ്. ‘പ്രിയപ്പെട്ട മാതാപിതാക്കളേ, തകര്‍ന്ന ദാമ്പത്യ ബന്ധങ്ങളിലുള്ള നിങ്ങളുടെ മകളെ തിരികെ വിളിക്കൂ,.. ബന്ധം പിരിഞ്ഞ ഒരു മകളാണ് എന്ത് കൊണ്ടും മരിച്ച മകളേക്കാള്‍ ഭേദം എന്ന് നിങ്ങള്‍ മനസ്സിലാക്കണം.- ദീപ ഫേസ്ബുക്കില്‍ കുറിച്ചു.

ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-

‘സ്വന്തം വീട്ടിലേക്ക് തിരിച്ചു വരുന്ന പെണ്ണുങ്ങള്‍ കുഞ്ഞുങ്ങളുമായി വണ്ടിക്ക് തല വയ്ക്കുന്നത് എന്തുകൊണ്ടാണെന്നറിയാമോ? പരാജിതരെ ഉള്‍ക്കൊള്ളാന്‍ വിസമ്മതിക്കുന്നവയാണ് നമ്മുടെ കുടുംബങ്ങള്‍ ‘

രണ്ടുമൂന്നാഴ്ച മുന്‍പ് അവളതു പറഞ്ഞപ്പോള്‍ എനിക്കു ശ്വാസം മുട്ടി. തീവണ്ടിക്കു തല വെച്ച് ചിതറിക്കിടക്കുന്ന കുറേ പെണ്ണുങ്ങളെ മനസ്സിലോര്‍ത്തു..ഭര്‍ത്താവിനെ ഉപേക്ഷിച്ച് തിരിച്ചു കയറിവന്ന പെണ്ണുങ്ങള്‍ നേരിടുന്ന തിരസ്‌കാരങ്ങളോര്‍ത്തു. എലിയെയും പൂച്ചയേയും ഒന്നിച്ച് ഒരേ കൂട്ടിലിട്ട് പൂട്ടി കടമ നിറവേറ്റലിന്റെ ആശ്വാസത്തോടെ തിരിഞ്ഞു നടക്കുന്ന മാതാപിതാക്കളെ ഓര്‍ത്തു.‘പ്രിയപ്പെട്ട മാതാപിതാക്കളേ, തകര്‍ന്ന ദാമ്പത്യ ബന്ധങ്ങളിലുള്ള നിങ്ങളുടെ മകളെ തിരികെ വിളിക്കൂ,.. ബന്ധം പിരിഞ്ഞ ഒരു മകളാണ് എന്ത് കൊണ്ടും മരിച്ച മകളേക്കാള്‍ ഭേദം എന്ന് നിങ്ങള്‍ മനസ്സിലാക്കണം…..’

‘പരന് പൈങ്കിളിയെപ്പോല്‍’ സ്വര്‍ണ്ണക്കൂടടക്കം മകളെ ദാനം ചെയ്യുന്ന മാതാപിതാക്കള്‍ക്ക് ഇത്തരമൊരു കൗണ്‍സലിംഗാണ് ആദ്യം നല്‍കേണ്ടത്.. സാമ്പത്തികസ്വയംപര്യാപ്തതയുണ്ടെങ്കിലും വൈകാരികമായ പിന്തുണ ഏതു തീരുമാനത്തിനും നമുക്കാവശ്യമാണ്. അത്തരം പിന്തുണകള്‍ ഇല്ലാത്തതു കൊണ്ടു കൂടിയാണ് ‘ഉത്തര’മാര്‍ വിഷപ്പാമ്പുകള്‍ക്കിടയില്‍ ജീവിക്കേണ്ടി വരുന്നതും മരിക്കേണ്ടി വരുന്നതും… മുതിരുമ്പോള്‍ ഞാനെന്റെ മോളോട് ഉറപ്പായും പറയും…

‘ജോലിയായിട്ടേ കല്യാണം കഴിക്കാവൂ.രണ്ട് വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിച്ചവരായിരിക്കും നിങ്ങള്‍.അതിന്റേതായ ബുദ്ധിമുട്ടുകളുണ്ടാകാം..പക്ഷേ പൊരുത്തപ്പെടാന്‍ ഒട്ടും പറ്റുന്നില്ലെങ്കില്‍ നീ തിരിഞ്ഞു നടക്കണം….ആരു കൂടെയില്ലെങ്കിലും നിന്റെ കൂടെ അമ്മയുണ്ടാകും.’