കേരളത്തിലും മതഭ്രാന്ത്; പള്ളിയുടെ സിനിമാസെറ്റ് പൊളിച്ച സംഭവത്തില്‍ അറസ്റ്റ്

കുരിശുപള്ളിയുടെ രൂപമുള്ള സിനിമാസെറ്റ് പൊളിച്ച സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. സംഭവത്തിന് നേതൃത്വം നല്‍കിയ എഎച്ച്‌പി പ്രവര്‍ത്തകന്‍ രതീഷ് ആണ് അറസ്റ്റിലായത്. മറ്റ് നാല് പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.ടൊവിനോ തോമസ് പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റാണ് രാഷ്ട്രീയ ബജ്റംഗദള്‍, എഎച്ച്‌പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് പൊളിച്ച്‌ നീക്കിയത്. കാലടി മണപ്പുറത്ത് നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് പൊളിച്ച്‌ മാറ്റിയത്. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ രണ്ടാംഘട്ട ഷൂട്ടിങിന് വേണ്ടി ലക്ഷങ്ങള്‍ മുടക്കിനിര്‍‌മിച്ച സെറ്റാണ് ഇന്നലെ പൊളിച്ച്‌ നീക്കിയത്. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ചിത്രീകരണം അനുമതി കിട്ടിയാലുടന്‍ തുടങ്ങാനിരിക്കെയാണ് സംഭവം. 50 ലക്ഷത്തോളം രൂപ മുടക്കി 100ലേറെ പേരുടെ ശ്രമഫലമായായിരുന്നു സെറ്റ് നിര്‍മാണം. എല്ലാ അനുമതിയോടും കൂടിയാണ് സെറ്റ് നിര്‍മിച്ചതെന്ന് സിനിമയുടെ നിര്‍മാതാവ് സോഫിയ പോള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.